പരിഹാരമാകാത്ത പ്രശ്നങ്ങളിൽ തീർപ്പുകൽപിച്ച കുഞ്ഞാപ്പുഹാജി
text_fieldsകോട്ടക്കൽ: ഓരോ തെരഞ്ഞെടുപ്പുകാലത്തും കോട്ടക്കൽ ചെമ്മുക്കൻ കുഞ്ഞാപ്പുഹാജിയുടെ വീട്ടിൽ ജനം നിറയും. ഇത്തവണയും മാറ്റമുണ്ടായില്ല.
രണ്ടുദിവസം മുമ്പുവരെ തെൻറ ആശീർവാദം തേടിയെത്തിയവർക്ക് വിജയാശംസ നേർന്നാണ് അദ്ദേഹം മടക്കിയയച്ചത്. കോട്ടക്കലിലെ മുസ്ലിം ലീഗിെൻറ സ്ഥാനാർഥിപ്രഖ്യാപനങ്ങൾ അധികവും ചെമ്മുക്കൻ തറവാട്ടിലായിരുന്നു. പ്രദേശത്തെ പരിഹാരമാകാത്ത ഏതുകാര്യങ്ങളിലും തീർപ്പുകൽപിച്ചിരുന്നത് കുഞ്ഞാപ്പുഹാജിയായിരുന്നു.
1940ലാണ് ചെമ്മുക്കൻ മുഹമ്മദ്കുട്ടി ഹാജിയുടെയും തയ്യിൽ കുഞ്ഞായിശുമ്മയുടെയും മകനായി കുഞ്ഞാപ്പുഹാജിയുടെ ജനനം. അഭിനയകലയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. സ്കൂൾ ജീവിതത്തിനുശേഷവും കോട്ടക്കലിലെ യുവപ്രതിഭ നാടകസംഘത്തിലൂടെ അഭിനയവൈഭവം പരിപോഷിപ്പിക്കാനുള്ള പരിശ്രമം തുടർന്നിരുന്നു.
പിതാവിെൻറ വിയോഗശേഷം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുചരനായിരുന്നു. 1977ലാണ് സമസ്തയുടെ കീഴിൽ സുന്നി മഹല്ല് ഫെഡറേഷൻ ( എസ്.എം.എഫ്) എന്ന സംഘടന രൂപവത്കരിക്കുന്നത്. രൂപവത്കരണകാലം മുതൽ ഇതുവരെ ജില്ല ജനറൽ സെക്രട്ടറിയാണ്. 1971ലാണ് പുലിക്കോട് മഹല്ല് സദനത്തുൽ ഇസ്ലാം സംഘം പ്രസിഡൻറ് സ്ഥാനം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ നിർദേശത്തെ തുടർന്ന് കുഞ്ഞാപ്പുഹാജി ഏറ്റെടുത്തത്.
ഈ സ്ഥാനത്തേക്ക് മറ്റൊരാളുടെ പേരും ആരും നിർദേശിച്ചിട്ടേയില്ല. 1995ലെ ഗ്രാമപഞ്ചായത്ത് െതരഞ്ഞെടുപ്പിൽ പുലിക്കോട് വാർഡിൽനിന്ന് മത്സരിച്ച് ജയിച്ചിരുന്നു. കോട്ടക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് സ്ഥാനവും വഹിച്ചു.
ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി: ദാറുൽഹുദക്ക് ഊർജം പകർന്ന കർമയോഗി
തിരൂരങ്ങാടി: ദാറുൽഹുദ ഇസ്ലാമിക് സർവകലാശാലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു വിടപറഞ്ഞ ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി. ദാറുൽഹുദയുടെ പ്രാരംഭം മുതൽ ഇതുവരെയും സ്ഥാപനത്തിെൻറ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഹാജി സ്ഥാപനത്തിെൻറ പ്രഥമ ട്രഷററായിരുന്നു.
തുടർന്ന് 2003ൽ ഡോ. യു. ബാപ്പുട്ടി ഹാജിയുടെ വിയോഗ ശേഷമാണ് ജനറൽ സെക്രട്ടറിയായത്. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കീഴ്ഘടകമായ സുന്നി മഹല്ല് ഫെഡറേഷെൻറ കർമയോഗി കൂടിയായിരുന്നു അദ്ദേഹം.
1983ൽ കോട്ടക്കലിലെ എ.എം ടൂറിസ്റ്റ് ഹോമിൽ എം.എം. ബഷീർ മുസ്ലിയാർ, സി.എച്ച്. ഹൈദ്രോസ് മുസ്ലിയാർ, ഡോ. യു. ബാപ്പുട്ടി ഹാജി, കെ.എം. സൈതലവി ഹാജി, ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി എന്നിവർക്കൊപ്പം ദാറുൽഹുദ എന്ന ആശയത്തിന് രൂപംനൽകുമ്പോൾ അദ്ദേഹവുമുണ്ടായിരുന്നു.
ചെമ്മാട് മാനീപാടത്തെ മൂന്നേക്കർ ഭൂമി കുഞ്ഞാപ്പു ഹാജിയും സെയ്തലവി ഹാജിയും ഡോ. ബാപ്പുട്ടി ഹാജിയും ചേർന്ന് വിലയ്ക്കുവാങ്ങി സുന്നി മഹല്ല് ഫെഡറേഷന് കീഴിൽ കേന്ദ്രീകൃത മാതൃകദർസ് എന്ന അവരുടെ മനസ്സിലുണ്ടായിരുന്ന ആശയം പ്രാവർത്തികമാക്കി.
ഇന്ന് ദാറുൽഹുദയുടെ രൂപത്തിൽ നിറഞ്ഞുനിൽക്കുന്നത് ആ ആശയമാണ്. സുന്നി മഹല്ല് ഫെഡറേഷന് കീഴിലായി ദാറുൽഹുദയിലൂടെ സാമൂഹിക നവോത്ഥാനം സ്വപ്നംകണ്ട അദ്ദേഹം കർമംകൊണ്ടും സമ്പാദ്യംകൊണ്ടും സമൂഹത്തെ ഉന്നതിയിലേക്ക് നയിച്ച മഹത് വ്യക്തിത്വമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.