കലാപ്രതിഭകളേ വരൂ; ഇതിഹാസ നായകന്റെ സ്മൃതിവനം ഇവിടെയുണ്ട്
text_fieldsകോട്ടക്കൽ: കലയുടെ മാമാങ്കത്തിന് ഒരിക്കൽ കൂടി ആയുർവേദനഗരവും രാജാങ്കണവും ചിലങ്കയണിയുമ്പോൾ കൗമാര പ്രതിഭകൾക്ക് എന്നും ഓർത്തിരിക്കാവുന്ന സ്മൃതിവനം സൗന്ദര്യവത്ക്കരിക്കുകയാണ് സംഘാടകർ. എഴുത്തിന്റെ ഇതിഹാസം എന്നറിയപ്പെടുന്ന ഒ.വി. വിജയന്റെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന കോട്ടക്കൽ ഗവ.രാജാസ് ഹയർ സെക്കൻററി സ്കൂളിൽ വിദ്യാരംഗം വേദിയാണ് മനോഹരമായ സ്മൃതിവനം ഒരുക്കിയത്. 1941-42 കാലയളവിൽ രാജാസിലെ സെക്കൻറ് ഫോറം വിദ്യാർഥിയായിരുന്നു വിജയൻ.
അദ്ദേഹത്തിന്റെ പിതാവ് കോഴിച്ചെന ക്യാമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് കുട്ടിയായിരുന്ന വിജയൻ രാജാസിൽ ചേരുന്നത്. ഒരു കൊല്ലം മാത്രമായിരുന്നു പഠനം. പിന്നീട് വർഷങ്ങൾക്കിപ്പുറം സാഹിത്യകുലപതിക്ക് വിദ്യാർഥികളുടെ പ്രണാമമെന്ന നിലയിലാണ് ഇത്തരമൊരു ആശയത്തിലേക്ക് കടക്കുന്നത്. ഒ.വി. വിജയന്റെ ചുമർചിത്രത്തിനൊപ്പം വിഖ്യാതമായ ‘ഖസാക്കിന്റെ ഇതിഹാസം’നോവലിലെ നായകൻ മരണം വരിക്കുന്ന അവസാനത്തെ അധ്യായവും കൂമൻകാവിന്റെ ആവിഷ്കാരം എന്ന നിലയിൽ കുമനും ഉൾപ്പെടെ സ്മൃതിവനം ഒരുക്കുകയായിരുന്നു. സ്കൂൾ പ്രധാന കവാടത്തിനു സമീപം അഞ്ച് സെന്റ് ഭൂമിയിൽ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ശിൽപ്പിയായ ഇന്ത്യനൂർ ബാലകൃഷ്ണനായിരുന്നു പുതുതലമുറക്കായി വനം ഒരുക്കിയത്.
ഉദ്ഘാടനത്തിനൊരുങ്ങും മുൻപ് ശിൽപം ചിലർ തകർത്തത് വിവാദമായിരുന്നു. പിന്നീട് കോട്ടക്കൽ നഗരസഭ ഇടപെട്ട് വീണ്ടും നിർമിക്കുകയായിരുന്നു. പഠന പാഠ്യേതര വിഷയങ്ങൾക്കും, മറ്റു സംസ്ക്കാരിക ചടങ്ങുകൾക്കും വേദിയായി മാറിയ സ്മൃതിവനം പൈതൃകസ്വത്തായി നിലനിർത്തണമെന്ന ആവശ്യം നിലനിൽക്കുന്നു. എഴുത്തുകാരന്റെ ചുമർച്ചിത്രമടക്കമുള്ള സ്മൃതിവനം സംസ്ഥാനത്ത് കോട്ടക്കൽ രാജാസ് സ്കൂൾ വളപ്പിൽ മാത്രമാണുളളതെന്നതും ശ്രദ്ധേയമാണ്.
ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന കലോത്സവത്തിനായി ഇന്ത്യനൂർ ബാലക്യ ഷ്ണന്റെ നേതൃത്വത്തിൽ സ്മൃതിവനം മോടി കൂട്ടി കഴിഞ്ഞു. കഥയും ചിത്രരചനയുമടങ്ങുന്ന കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് അനുഭവമാകും സ്മൃതിവനം
വെബ്സൈറ്റ് ലോഞ്ചിങ്
കോട്ടക്കൽ: ജില്ല സ്കൂൾ കലോത്സവത്തിന്റെ ഫലം അറിയുന്നതിന് തയ്യാറാക്കിയ വെബ്സൈറ്റ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഡോ. ഹനിഷ, എൻ.പി. മുഹമ്മദലി, പ്രധാനാധ്യാപകൻ എം.വി. രാജൻ, പി.ടി.എ പ്രസിഡന്റ് സാജിദ് മങ്ങാട്ടിൽ, മറിയാമു പുതുക്കുടി, കെ.എം. ഹനീഫ, സഫ്തറലി വാളൻ, എം. സലീം, എ. സമീർ ബാബു, കെ.എം. ഖലീൽ, എം. സുലൈമാൻ, മഖ്ബൂൽ കറുത്തേടത്ത്, പി.മുഹമ്മദ് മുസ്തഫ, യൂനുസ് എന്നിവർ സംബന്ധിച്ചു. പ്രോഗ്രം കമ്മറ്റിയുടെ ഓഫീസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഫലം https://mlpkalolsavam.blogspot.com/ ഈ ലിങ്കിൽ ലഭിക്കും.
രജിസ്ട്രേഷൻ നാളെ
കോട്ടക്കൽ: കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ 10.30 ന് കോട്ടക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ ഹനീഷ ഉദ്ഘാടനം ചെയ്യും. 17 സബ്ജില്ലകളിൽ നിന്നായി 315 മത്സര ഇനങ്ങളിലായി മത്സരത്തിനെത്തുന്ന പതിനൊന്നായിരത്തിലധികം വിദ്യാർഥികളുടെ രജിസ്ട്രേഷനാണ് നടക്കുക. മത്സരാർഥികളുടെ പാർട്ടിസിപ്പന്റ് കാർഡുകൾ, എസ്കോർട്ടിങ് ടീച്ചർമാർക്കുള്ള ബാഡ്ജുകൾ, പ്രോഗ്രാം ഷെഡ്യൂൾ എന്നിവ അടങ്ങിയ കിറ്റുകൾ തയ്യാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.