പണം അനുവദിക്കുന്നില്ല; ജീവിതം വഴിമുട്ടി തെന്നല സഹകരണ ബാങ്കിലെ നിക്ഷേപകർ
text_fieldsകോട്ടക്കല്‍: അത്യാവശ്യങ്ങൾക്കുപോലും പണം തരാത്തതിനെത്തുടർന്ന് ജീവിതം വഴിമുട്ടി തെന്നല സര്‍വിസ് സഹകരണ ബാങ്കിലെ നിക്ഷേപകർ. ബാങ്കിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ മലപ്പുറം ജോയന്റ് രജിസ്ട്രാര്‍ക്ക് പരാതി നൽകി. തെന്നല, ചെമ്മാട്, വെന്നിയൂര്‍ എന്നിവിടങ്ങളിലുള്ളവരാണ് പരാതി നല്‍കിയത്. മക്കളുടെ കല്യാണത്തിനും ചികിത്സ ആവശ്യങ്ങള്‍ക്കും മറ്റുമായി നിക്ഷേപിച്ച പലരും തുക പിന്‍വലിക്കാനാകാതെ ദുരിതത്തിലാണ്. പണം പിന്‍വലിക്കാനെത്തുന്നവരെ ബാങ്കിൽനിന്ന് മടക്കിയയക്കുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. അത്യാവശ്യത്തിന് പണം പിന്‍വലിക്കാൻ എത്തുന്നവരുമായി ഇവിടെ തര്‍ക്കം പതിവാണ്. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏര്‍പ്പെടുത്തണമെന്നും പണം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ടാണ് നിക്ഷേപകര്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം. വര്‍ഷങ്ങള്‍ക്കു മുമ്പ് യു.ഡി.എഫ് നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതി നടത്തിയ ക്രമക്കേടിനെത്തുടര്‍ന്ന് ഭരണസമിതി അംഗങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവുണ്ടായിരുന്നിട്ടും നടപ്പായില്ല. അന്നത്തെ സാമ്പത്തിക ക്രമക്കേടുകളില്‍നിന്ന് ബാങ്ക് കരകയറിയില്ല. ഇപ്പോഴത്തെ യു.ഡി.എഫ് ഭരണസമിതിയും ശ്രമം നടത്തിയില്ലെന്നാണ് പരാതി. അതേസമയം, നിക്ഷേപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. എത്രയും പെട്ടെന്ന് പരിഹാരം കാണുകയെന്നതാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.