‘ഗൾഫ് മാധ്യമം’ സോക്കർ കാർണിവൽ; കടൽ കടന്ന് റാഷിദിന്റെ ശബ്ദം
text_fieldsകോട്ടക്കൽ: വീടിനു സമീപത്തെ പാതയിലൂടെ പോയിരുന്ന പ്രചാരണ വാഹനത്തിന്റെ പിന്നാലെ ഓടിയാണ് കുഞ്ഞുറാഷിദിന് അനൗൺസറാകാൻ ആഗ്രഹം തോന്നിയത്. വർഷങ്ങൾക്കിപ്പുറം കാതങ്ങൾ കടന്ന് ഒമാനിലെത്തിയിരിക്കുകയാണ് കോട്ടക്കൽ അരിച്ചോൾ സ്വദേശി റാഷിദ്. മസ്കത്തിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന സോക്കർ കാർണിവലിന്റെ ശബ്ദ പ്രചാരകനായെത്തിയ റാഷിദ് ആഹ്ലാദത്തിലും അഭിമാനത്തിലുമാണ്.
ഏപ്രിൽ 26, 27 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയം കാർണിവലിന് വേദിയാകുമ്പോൾ ഫുട്ബാൾ ആവേശം കാതുകളിലെത്തിക്കാൻ, സെവൻസ് ഫുട്ബാൾ മൈതാനങ്ങളെ ത്രസിപ്പിക്കുന്ന റാഷിദ് തയാറായിക്കഴിഞ്ഞു. 15 വർഷമായി അനൗൺസ്മെൻറ് മേഖലയിൽ സജീവമാണ്. രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗ അനൗൺസ്മെൻറ്, പരസ്യങ്ങൾ തുടങ്ങിയ മേഖലകളിലും സുപരിചിതനാണ്.
ക്രിക്കറ്റ്, വോളിബാൾ, വള്ളംകളി തുടങ്ങിയ ഇനങ്ങളിലും ശബ്ദവിസ്മയം തീർക്കുന്ന റാഷിദ് വിവിധ പ്രോഗ്രാമുകളുടെ ആങ്കറിങ് രംഗത്തും സജീവമാണ്. ലോക്ഡൗൺ കാലത്ത് മലപ്പുറത്തെ ഫുട്ബാൾ താരങ്ങളുടെ ചിത്രങ്ങൾ വരച്ചും ശ്രദ്ധേയനായിരുന്നു. ഓൾ ഇന്ത്യ ഫുട്ബാൾ അനൗൺസേഴ്സ് (ഐഫ) മീഡിയ കോഓഡിനേറ്ററും കലാകാരന്മാരുടെ സംഘടനയായ ‘കാഫ്’ അംഗവുമാണ്. സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ രംഗത്ത് സജീവമാണ്. അരിച്ചോൾ പവർ കിങ് ക്ലബ് പ്രസിഡന്റുമാണ്. അരിച്ചോൾ കിഴക്കേപറമ്പൻ സുലൈമാൻ-ഇയാത്തുമ്മ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.