മല തുരന്ന് മണ്ണെടുപ്പ്; ദുരന്തത്തിന് കാതോർത്ത് പുത്തൂർ
text_fieldsകോട്ടക്കൽ: മഴ ശക്തമായാൽ വീണ്ടും ദുരന്തത്തിന് കാതോർത്ത് ഒതുക്കുങ്ങൽ പഞ്ചായത്തിലെ പുത്തൂർ പ്രദേശം. നിരവധി വീടുകളുള്ള ഭാഗത്ത് ജിയോളജി വകുപ്പിന്റെ അനുമതിയുടെ മറവിൽ മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാർ പരാതിയുമായി രംഗത്ത്. ആനോളി പറമ്പിൽ അപകടരമായ രീതിയിൽ ഭൂമാഫിയകൾ മലയിടിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പെയ്തിറങ്ങിയ കാലവർഷത്തിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിന്റെ ഭീതി ഇവിടത്തുകാർക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. 2022ൽ ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെന്ന പേരിൽ വലിയ തോതിൽ മണ്ണെടുത്തതുമാണ് അപകടത്തിന് വഴിവെച്ചത്. അന്ന് മലയിടിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ സംഘടിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ പൊലീസ് വാഹനങ്ങൾ പിടിച്ചെടുക്കുകയും സ്വകാര്യ വ്യക്തിക്കെതിരെ കേസ് എടുക്കുകയും ചെയ്തു. മണ്ണെടുപ്പ് നിർത്തിവെച്ചതിന് പിന്നാലെയാണ് കഴിഞ്ഞ മഴയിൽ അപകടം ഉണ്ടായത്. വീട്ടുകാർ മാറി താമസിച്ചെങ്കിലും അപകടവസ്ഥയിലുള്ള മണ്ണ് നീക്കം ചെയ്തിരുന്നില്ല. അനുമതി നൽകണമെന്നാവശ്യപ്പെട്ട് വീട്ടുടമ ജിയോളജി വകുപ്പിനെ സമീപിക്കുകയും ചെയ്തു. വീടിന് സമീപത്തെ മണ്ണും പാറക്കല്ലുകയും മാറ്റാൻ ലഭിച്ച ഉത്തരവിന്റെ മറവിലാണ് വീണ്ടും മലയിടിക്കാനുള്ള ശ്രമം.
വ്യാഴാഴ്ച രാവിലെ കുന്നിടിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ റോഡ് വെട്ടാൻ ശ്രമം നടന്നിരുന്നു. വീടിനും ജീവനും കെട്ടിടങ്ങൾക്കും ഭീഷണിയാണെന്ന് കാണിച്ച് പ്രദേശവാസി തറയിൽ ഹംസ ജിയോളജി വകുപ്പിന് പരാതി നൽകി. അതേസമയം, വ്യക്തമായ പരിശോധന ഇല്ലാതെയാണ് ജിയോളജി അധികൃതർ അനുമതി നൽകിയതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കുന്നിടിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.