രണ്ടത്താണിയിൽ മലിനജലംവീട്ടിലേക്ക്; വഴിയടച്ച് വീട്ടുകാർ
text_fieldsകോട്ടക്കൽ: ആറുവരിപാതയിൽനിന്ന് അഴുക്കുചാൽ വഴി പഞ്ചായത്ത് റോഡിലേക്ക് മലിനജലം ഒഴുകിയെത്തിയതോടെ പ്രദേശത്തുകാർ ദുരിതത്തിൽ. മാറാക്കര പഞ്ചായത്തിലെ ഒന്നാം വാർഡിന്റെയും ഇരുപതാം വാർഡിന്റെയും ഭാഗമായ അയൂബ് ഖാൻ റോഡിൽ ദുരിതത്തിലായ വീട്ടുകാർ വീട്ടിലേക്കുള്ള വഴിയടച്ചു. ഗതികേടിലായ വീട്ടുകാർ റോഡിന് സമീപം കല്ലുകൾ പടവ് ചെയ്ത് താൽക്കാലികമായി വഴി അടച്ചിരിക്കുകയാണ്. ആറുവരി പാതയുടെ വികസനത്തിന്റെ ഭാഗമായി നിർമിച്ച അഴുക്കുചാൽ വഴി അമ്പതോളം കുടുംബം താമസിക്കുന്ന ഭാഗത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. കിണറുകളിലേക്ക് മലിനജലമെത്തിയത് ഇരട്ടിദുരിതമായി. ഇതോടെ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് നാട്ടുകാർ.
രണ്ടത്താണി ടൗണിൽ നിന്നുള്ള മുഴുവൻ മലിനജലവും പഞ്ചായത്ത് ആസ്തിയിലുള്ള റോഡിലേക്ക് ഒഴുകി വരുന്ന സാഹചര്യമാണ്. അതേസമയം, പ്രദേശത്തുകാർക്ക് നീതി ലഭ്യമാക്കാനായി യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 25ന് ദേശീയപാത കമ്പനിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തും. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സാധാരണക്കാരുടെ പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് ദേശീയപാത അധികൃതർക്കുള്ളതെന്നും യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം വിഷയത്തിൽ പരിഹാരം കാണണെമെന്ന് ആവശ്യപെട്ട് ജില്ല കലക്ടർ ആർ. വിനോദിനെ ജനപ്രതിനിധികൾ സന്ദർശിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.