കോട്ടക്കൽ സ്റ്റാൻഡിലെ കച്ചവടമുറികൾ തുറക്കാൻ ഭരണസമിതി
text_fieldsകോട്ടക്കൽ: ഉദ്ഘാടനം കഴിഞ്ഞിട്ടും അടഞ്ഞുകിടക്കുന്ന കോട്ടക്കൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ തുറന്നുകൊടുക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. എന്നാൽ നടപടി അഴിമതിക്കും വലിയ സാമ്പത്തിക പ്രതിസന്ധിക്കും വഴിവെക്കുമെന്നാരോപിച്ച് എൽ.ഡി.എഫും രണ്ടംഗങ്ങളുള്ള ബി.ജെ.പിയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. വിമതസ്വരം ഉയർത്തിയ ഭരണസമിതിയിലെ ആറുപേരും കൗൺസിലിൽനിന്ന് വിട്ടുനിന്നു.
വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ഏക അജണ്ടയായിരുന്നു കടമുറികളുടെ തുടർ നടപടികൾ. നേരത്തെ ബുഷ്റ ഷബീർ അധ്യക്ഷയായിരിക്കെ പതിനഞ്ച് ലക്ഷം നൽകിയ നിലവിലെ കച്ചവടക്കാർക്ക് വാടക 40,000 രൂപയും അഞ്ച് ലക്ഷം നൽകിയവർക്ക് 15,000 രൂപയും ഈടാക്കാനായിരുന്നു ലീഗ് കമ്മിറ്റി നൽകിയ നിർദേശം. എന്നാൽ ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികൾ. ഇതോടെ നിയമ നടപടികളിലേക്ക് നീങ്ങി. വാടക കുറക്കാൻ കഴിയില്ലെന്നും കൗൺസിലർമാർക്ക് വൻബാധ്യത വരുമെന്നും നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ ഇതേ ഉപദേശകന്റെ രണ്ടാമത്തെ നിർദേശപ്രകാരമാണ് ഭരണസമിതി പുതിയ നീക്കം നടത്തിയത്. ഇതുപ്രകാരം വാടക 25000, 12,500 എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ കെട്ടിടത്തിന്റെ ചെലവടക്കം വിവരങ്ങൾ നൽകാത്തതിനാലാണ് വാടക കൂട്ടണമെന്ന് നിശ്ചയിച്ചതും ഇപ്പോൾ വ്യക്തമായ വിവരങ്ങൾ നൽകിയതോടെയാണ് കുറക്കാൻ തീരുമാനിച്ചതെന്നും ചെയർപേഴ്സൻ ഡോ: കെ. ഹനീഷ അറിയിച്ചു. നടപടികൾ പൂർത്തീകരിച്ച് കടകൾ ഉടൻ തുറന്നുകൊടുക്കുമെന്നും ഇവർ അറിയിച്ചു.
വലിയ അഴിമതിക്കാണ് വഴിവെക്കുന്നതെന്ന് പ്രതിപക്ഷ കക്ഷി നേതാവ് ടി. കബീർ പറഞ്ഞു. സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തീരുമാനത്തിൽ വിയോജിക്കുന്നതായി ബി.ജെ.പി അംഗം കെ. ഗോപിനാഥും വ്യക്തമാക്കി. അജണ്ടക്ക് പിന്നാലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വലിയ വാഗ്വാദങ്ങളുണ്ടായി.
അതേസമയം മുൻ അധ്യക്ഷക്കൊപ്പമുണ്ടായിരുന്ന അഞ്ചുപേരും നിർണായക കൗൺസിലിൽ ഹാജരായില്ല. പുതിയ നയത്തിനെതിരായ പ്രതിഷേധമാണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.