അവരും നമ്മുടെ കുടുംബമാണ്
text_fieldsകോട്ടക്കൽ: അവരും നമ്മുടെ കുടുംബമല്ലെ, ഇപ്പോഴല്ലാതെ പിന്നെയെപ്പോഴാണ് അവരെ ചേർത്തുപിടിക്കുക. വയനാട് മുണ്ടക്കൈ ദുരന്തത്തെ അതിജീവിച്ചവർക്ക് ഒരു വാഹനം നിറയെ ഭക്ഷണസാധനങ്ങൾ എത്തിച്ച മനുഷ്യന്റെ വാക്കുകളാണിത്. മാറാക്കരയിലെ മരുന്നിൻചിറ സിദ്ദീഖ് തയ്യിലാണ് തന്റെ ജീവനക്കാരേയും കൂട്ടി വയനാട്ടിലേക്ക് പുറപ്പെട്ടത്. വിവിധയിടങ്ങളിലായി ആരംഭിച്ച നാലു ദുരിതാശ്വാസ ക്യാമ്പിലേക്കാണ് സിദ്ദീഖ് ഭക്ഷണങ്ങൾ എത്തിച്ചത്.
ബ്രഡ്, ബൺ, സമൂൺ, ക്രീം ബൺ, കുബ്ബൂസ് എന്നിവക്കൊപ്പം കുപ്പിവെള്ളവും ശേഖരിച്ചായിരുന്നു യാത്ര. ചൊവ്വാഴ്ച വൈകുന്നേരമാണ് സ്വന്തം കമ്പനിയായ അൽദാൻ ഫുഡ്സിൽ തയാറാക്കിയ വിഭവങ്ങളുമായി വയനാട്ടിലേക്ക് തിരിച്ചത്. സന്നദ്ധ പ്രവർത്തകരും പൊലീസും അവിടെയെത്തിയപ്പോൾ ഒപ്പം ചേർന്നു. ബുധനാഴ്ച പുലർച്ചെയാണ് തിരിച്ചെത്തിയത്. ഓരോ ക്യാമ്പിലും ഭക്ഷണമടക്കമുള്ള സാധനനങ്ങൾ ഇനിയും എത്തേണ്ടതുണ്ടെന്ന് സിദ്ദീഖ് പറഞ്ഞു. ക്യാമ്പിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നവരെ ദയവ് ചെയ്ത് തടയരുതെന്നും സിദ്ദീഖ് പറയുന്നു. ക്യാമ്പിലെത്തുന്നവരോട് പ്രിയപ്പെട്ടവരെ കുറിച്ച് ചോദിക്കുന്ന കുരുന്നുകളും ബന്ധുക്കളും ഉള്ളുലക്കുന്ന കാഴ്ചയായിരുന്നു. വർഷങ്ങളായി വയനാട് അടക്കമുള്ള ജില്ലകളിലേക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.