സുമ ടീച്ചർക്ക് ആശ്വാസം; കല്ലാർമംഗലം സ്കൂളിൽ മൂന്ന് അധ്യാപകരെ നിയമിച്ച് വിദ്യാഭ്യാസ വകുപ്പ്
text_fieldsകോട്ടക്കൽ: സർക്കാർ സ്കൂൾ നിലനിർത്താൻ ഏഴ് അധ്യാപകർക്ക് ശമ്പളം പകുത്തുനൽകുന്ന സുമ ടീച്ചർക്ക് ആശ്വാസവുമായി വിദ്യാഭ്യാസ വകുപ്പ്. മാറാക്കര ഗ്രാമപഞ്ചായത്തിലെ കല്ലാർമംഗലം ജി.എൽ.പി സ്കൂളിൽ പ്രധാനാധ്യാപകനടക്കം മൂന്നുപേരെ നിയമിച്ച് ഡി.ഡി.ഇ കെ.എസ്. കുസുമം ഉത്തരവിറക്കി.
'മാധ്യമം' വാർത്തക്ക് പിന്നാലെയാണ് നടപടി. പുതിയ ഉത്തരവ് പ്രകാരം പ്രധാനാധ്യാപക ചുമതല സമീപത്തെ മേൽമുറി ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ എം. അഹമ്മദിന് അധികമായി നൽകി. സ്ഥിരം അധ്യാപകർ വരുന്നതുവരെ ദൈനംദിന കാര്യങ്ങൾക്കടക്കമാണ് ചുമതല. ഉപജില്ല മേധാവിയുടെ റിപ്പോർട്ടനുസരിച്ച് ഇ. ബീന, സൗബിദ എന്നീ അധ്യാപകരെയും വർക്കിങ് അറേഞ്ച്മെൻറിൽ സ്കൂളിൽ നിയമിച്ചതായി ഡി.ഡി.ഇ അറിയിച്ചു. ഉത്തരവ് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
സ്കൂളിലുണ്ടായിരുന്ന മൂന്ന് എല്‍.പി.എസ്.ടി അധ്യാപകരില്‍ രണ്ടുപേർ 2020-21 ലെ പൊതുസ്ഥലംമാറ്റത്തിൽ പോകുകയും പ്രധാനാധ്യാപിക കഴിഞ്ഞ മേയ് 31ന് വിരമിക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധിയുണ്ടായത്. നിലവിലുള്ള ഏക അധ്യാപികയായ സുമ രാമചന്ദ്രൻ, പി.ടി.എയുടെ പരിശ്രമമായി നിയമിച്ച ഏഴ് താൽക്കാലിക അധ്യാപകർക്ക് സ്വന്തം ശമ്പളത്തിെൻറ വിഹിതം പകുത്ത് നൽകിയാണ് സ്കൂളിനെ നിലനിർത്തിയിരുന്നത്.
തുടർനടപടികൾ വേഗത്തിലാക്കണം –എം.എൽ.എ
കോട്ടക്കൽ: കല്ലാർമംഗലം ജി.എൽ.പി സ്കൂളിലടക്കം ഒഴിവുള്ള തസ്തികകളിൽ അധ്യാപകരെ നിയമിക്കണമെന്ന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. 'മാധ്യമം' വാർത്തയെ തുടർന്ന് എം.എൽ.എ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകി.
ഡി.ഡി.ഇയുമായും ബന്ധപ്പെട്ടിരുന്നു. താൽക്കാലിക പരിഹാരമല്ല വേണ്ടതെന്നും പി എസ്.സി നിയമനം ലഭിച്ചവരടക്കം ജോലിയില്ലാതെ പ്രയാസെപ്പടുന്ന സാഹചര്യമാണെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.