രണ്ടത്താണിയിൽ അടിപ്പാതക്കായി അടിയേറ്റുവാങ്ങി നാട്ടുകാർ
text_fieldsകോട്ടക്കൽ: നഗരം കീറിമുറിച്ച് രണ്ടത്താണിയിലൂടെ പോകുന്ന ആറുവരിപാതയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിൽ സംഘർഷം. പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. സ്ത്രീകളടക്കം പതിനാലു പേരെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തു. കെ.എൻ.ആർ.സി അധികൃതരുമായി ചർച്ച നടത്താൻ സൗകര്യമുണ്ടാക്കാമെന്ന് താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം സമാപിച്ചത്. അറസ്റ്റ് ചെയ്തവരെ ശനിയാഴ്ച രാത്രിയോടെ ജാമ്യത്തിൽ വിട്ടു. വൈകുന്നേരം അഞ്ചരയോടെയാണ് അടിപ്പാത വേണമെന്നാവശ്യപ്പെട്ടുള്ള തുടർസമരത്തിന്റെ ഭാഗമായി നാട്ടുകാർ രംഗത്തെത്തിയത്. തുടർന്ന് പ്രതിഷേധ മാർച്ച് ആരംഭിച്ചു. ദേശീയപാത ഉപരോധിക്കുമെന്ന വാർത്ത പരന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും വൻ പൊലീസ് പടയെത്തി. ഇതിനിടയിൽ പുതിയപാത വഴി പൊലീസ് വാഹനങ്ങൾ കടത്തിവിട്ടത് പ്രതിഷേധക്കാരെ പ്രകോപിച്ചു. കെ.എൻ.ആർ.സിയുടെ നിർമാണ യൂനിറ്റ് നിൽക്കുന്ന പൂവൻചിന വരെ മാർച്ച് നീട്ടാൻ സമരക്കാർ തീരുമാനിച്ചതോടെ ഇതുവഴി ഗതാഗതം മണിക്കൂറോളം മുടങ്ങി.
ഇവിടെയുള്ള അടിപ്പാത വഴി മാർച്ച് വീണ്ടും നഗരത്തിലേക്ക് തിരിച്ചെങ്കിലും സമരക്കാർ അപ്രതീക്ഷമായി പാത ഉപരോധിക്കുകയായിരുന്നു. ഇതോടെ പൊലീസ് നടപടികളാരംഭിച്ചു. മുൻനിരയിലുള്ള സ്ത്രീകളടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഇവരെ ബലം പ്രയോഗിച്ച് പൊലീസ് വാനിലേക്ക് കയറ്റാൻ ശ്രമിച്ചു. ഇതിനിടെയാണ് തൈക്കാടൻ അബ്ദുവിന് അടിയേറ്റത്.
സമരക്കാരെ നീക്കിയശേഷം ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചു. വാഹനം കടത്തിവിടുന്നതിനിടെ യാത്രക്കാരും സമരക്കാരും തമ്മിലും വാക്കുതർക്കം നടന്നു.ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പൗരപ്രമുഖർ, വ്യപാരികൾ എന്നിവർ നേതൃത്വം നൽകി. സ്കൂൾ, ആശുപത്രി, മസ്ജിദ്, മദ്റസ, പ്രധാന ഓഫിസുകള്‍, ലൈബ്രറി, ലിമിറ്റഡ് ബസ് സ്റ്റോപ് കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം റോഡിന്റെ ഇരുഭാഗത്തുമായാണുള്ളത്..ഇരുവശങ്ങളിലേക്കും കടക്കാന്‍ കിലോമീറ്ററുകൾ ചുറ്റണം. ഇതിന് പരിഹാരമായി അടിപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിവിധ സമരങ്ങൾ നടത്തിയിട്ടും സ്ഥലം എം.പി, എം.എൽ.എ എന്നിവരുടെ ഭാഗത്തുനിന്നും അനുകൂലമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.