അമിത ശബ്ദത്തിൽ ഓടിച്ച് വന്നതിന് ഉദ്യോഗസ്ഥർ പിടികൂടിയത് മോഷണം പോയ ബുള്ളറ്റ്
text_fieldsകോട്ടക്കൽ: വാഹന പരിശോധനക്കിടെ മലപ്പുറം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെൻറ് വിഭാഗത്തിന് മുന്നില്‍ കുടുങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ് മോഷണം പോയ ഇരുചക്ര വാഹനം. കോട്ടക്കല്‍ തോക്കാംപാറയില്‍ നടന്ന പരിശോധനക്കിടെ പിടികൂടിയ വാഹനത്തിെൻറ കെ.എല്‍ 58 സെഡ് 1200 നമ്പര്‍ മൊബൈല്‍ ആപ് വഴി അന്വേഷിച്ചപ്പോഴാണ് സംഭവത്തിെൻറ ചുരുളഴിഞ്ഞത്. ഈ നമ്പറിലുള്ള വാഹനം തലശ്ശേരിയില്‍ തന്നെയുണ്ടെന്ന് ഉടമ പറഞ്ഞതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. വാഹനത്തിെൻറ ഷാസി നമ്പര്‍ ഉള്‍പ്പെടെ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ യഥാര്‍ഥ നമ്പര്‍ കെ.എല്‍ 55 എ.ബി 1477 ആണെന്ന് മനസ്സിലായി. ഈ നമ്പറിലുള്ള വാഹന ഉടമയെ ബന്ധപ്പെട്ടതോടെയാണ് മോഷണം പുറത്തറിയുന്നത്.
താനൂര്‍ വെള്ളിയാമ്പുറം സ്വദേശിയുടെ ബുള്ളറ്റ് കോട്ടക്കല്‍ അമ്പലവട്ടത്ത് വെച്ച് മൂന്നാഴ്ച മുമ്പ് മോഷണം പോയിരുന്നു. തുടര്‍ന്ന് കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഇതിനാണ് ഇപ്പോള്‍ തുമ്പായത്. അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് എം.വി.ഐ ജയപ്രകാശ്, എ.എം.വി.ഐ ഷബീര്‍ പാക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന. എല്ലാ വാഹന ഉടമകളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹന സോഫ്റ്റ്വെയറില് അപ്ഡേറ്റ് ചെയ്യണമെന്ന് എം.വി.ഐ മുഹമ്മദ് ഷഫീഖ് പറഞ്ഞു. വാഹനം പൊലീസിന് കൈമാറി. ഓടിച്ച വ്യക്തിയെയും കൂടെയുണ്ടായിരുന്നയാളെയും കുറിച്ച് കോട്ടക്കല്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.