ബസ്സ്റ്റാൻഡിലെ മുറികൾ കോടതിവിധിയിലൂടെ നേടി വ്യാപാരികൾ
text_fieldsകോട്ടക്കൽ: പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികൾക്ക് മുറികൾ നൽകാമെന്ന വാഗ്ദാനം കോട്ടക്കൽ നഗരസഭ അധികൃതർ തള്ളിയതോടെ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്ത് വ്യാപാരികൾ.
ശനിയാഴ്ച നടക്കേണ്ടിയിരുന്ന ലേല നടപടികൾക്ക് സ്റ്റേ വരുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന ഭരണസമിതിക്കും ഇത് താൽക്കാലിക ആശ്വാസമായി. 25 വ്യാപാരികൾക്കാണ് പുതിയ കെട്ടിടത്തിൽ മുറി അനുവദിച്ചിരുന്നത്. ഓരോ കച്ചവടമുറികൾക്കും 15 ലക്ഷം രൂപയാണ് അന്നത്തെ ഭരണസമിതി ആവശ്യപ്പെട്ടിരുന്നത്.
ഇതിന്‍റെ ഭാഗമായി 3.75 ലക്ഷം രൂപ വീതം വിവിധ ഘട്ടങ്ങളിലായി നഗരസഭക്ക് നൽകുകയും ചെയ്തിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആധുനിക സംവിധാനത്തോടെ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് യാഥാർഥ്യമായി. ബസുകൾ വന്നുനിൽക്കുന്ന ഭാഗത്ത് 21 മുറികളും സ്റ്റാൻഡിന്‍റെ പടിഞ്ഞാറ് ഭാഗത്തായി നാല് മുറികളുമാണ് പഴയ വ്യാപാരികൾക്ക് അനുവദിച്ചിരുന്നത്.
എന്നാൽ, ഈ നാലു മുറികൾ നൽകാൻ കഴിയില്ലെന്നും മുകൾനിലയിൽ നൽകാമെന്നും പുതിയ ഭരണസമിതി നിലപാടെടുത്തതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. ഈ മുറികളടക്കം ഈ ഭാഗത്തെ 21 മുറികളും ലേലം ചെയ്യാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ വ്യാപാരി സംഘടനകളും ഭാരവാഹികളും ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 25 വ്യാപാരികളും വ്യാഴാഴ്ച കോടതിയെ സമീപിക്കുകയായിരുന്നു. പഴയ തീരുമാനപ്രകാരം കച്ചവടമുറികൾ നൽകണമെന്നാണ് വെള്ളിയാഴ്ച വന്ന വിധിയിൽ പറയുന്നത്. ഇതോടെ 17 മുറികളുടെ മാത്രം ലേല നടപടികളാണ് ശനിയാഴ്ച നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.