എടരിക്കോട് ഹോട്ടലിലെ മലിനജലം ഒഴുക്കിവിടുന്നത് ഓവുചാലിലേക്ക്
text_fieldsകോട്ടക്കൽ: ഹോട്ടലിലെ മലിനജലം ഒഴുക്കിവിടുന്നത് പൊതുമരാമത്ത് നിർമിച്ച ഓവുചാലിലേക്ക്. രാത്രിയിലെ പരിശോധനയിൽ കൈയോടെ പിടികൂടി കോട്ടക്കൽ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് എടരിക്കോട് നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ റസ്റ്റാറൻറ് ഉടമക്കും തൊഴിലാളിക്കുമെതിരെ കേസെടുത്തു. വെള്ളിയാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് സംഭവം. ദേശീയപാത കടന്നുപോകുന്ന എടരിക്കോട് നഗരത്തിൽ എത്തിയപ്പോൾ രൂക്ഷമായ ദുർഗന്ധം, ഇതോടെ വാഹനം നിർത്തി. മാലിന്യങ്ങളുമായി പോകുന്ന വണ്ടിയിൽനിന്നുമാകാം ദുർഗന്ധമെന്നായിരുന്നു ആദ്യ നിഗമനം. തിരൂർ റോഡിനോട് ചേർന്നുള്ള ഓവുചാലിൽനിന്നുമാണ് ഇതെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തി. ഇതോടെയാണ് സമീപത്തെ മുഗൾ റസ്റ്റാറൻറിൽ സമീപം ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്തുന്നത്. പുലർച്ചെ മൂന്നു മണിക്ക് ഹോട്ടലിന് മുന്നിൽനിന്ന് കണ്ടതോടെ നടത്തിയ അന്വേഷണത്തിൽ ഹോട്ടലിന്റെ മുൻവശത്തുള്ള മാലിന്യടാങ്കിൽനിന്ന് മോട്ടോർ വെച്ച് മലിനജലം ഓടയിലേക്ക് തള്ളുന്നത് കണ്ടെത്തുകയായിരുന്നു. ഓവുചാൽ മൂടിയ സ്ലാബിന് സമീപം പൈപ്പ് ഇറക്കിയായിരുന്നു മലിനജലം ഒഴുക്കിവിട്ടിരുന്നത്. ഇതോടെ മോട്ടോറും പൈപ്പും കസ്റ്റഡിയിൽ എടുത്തു.
സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് എസ്. കാരന്മയിലിന്റെ നിർദേശപ്രകാരം എ.എസ്.ഐ രാമദാസ്, സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ജന സ്രോതസ്സിലേക്ക് മലിനജലം ഒഴുക്കി പകർച്ചവ്യാധി അസുഖങ്ങൾക്ക് വഴിവെക്കുന്നതടക്കമുള്ള നിയമനടപടികളാണ് ഹോട്ടലിനെതിരെ പൊലീസ് എടുത്തിരിക്കുന്നത്. തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞവർഷം കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്ന് സമാന രീതിയിൽ മലിനജലം ഒഴുക്കിയത് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. അതേസമയം, നഗരത്തിൽ പ്രവർത്തിക്കുന്ന മിക്ക കച്ചവട സ്ഥാപനങ്ങളും ഓവുചാലിലേക്കാണ് മാലിന്യതള്ളുന്നതെന്ന പരാതിയും ഉയർന്നിരിക്കുകയാണ്. എടരിക്കോട് പാടത്തേക്കാണ് ഇത്തരം മലിനജലം ഒഴുകിയെത്തുന്നത്. ഇത് കൂടുതൽ ആരോഗ്യ ഭീഷണി സൃഷ്ടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.