ശുദ്ധജലത്തിന് സ്ഥിരം തടയണ വേണം; ഒതുക്കുങ്ങല്‍ മറ്റത്തൂരിലെ കുടുംബങ്ങൾ തീരാദുരിതത്തിൽ
text_fieldsകടലുണ്ടി പുഴയോരത്ത് മറ്റത്തൂരിലെ നാട്ടുകാർ, സുരക്ഷ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ത്ത് വെളളം സംഭരണിയിലേക്ക് ശേഖരിക്കുന്നു
കോട്ടക്കൽ: കടലുണ്ടി പുഴയിൽ ശുദ്ധജലത്തിനായി സ്ഥിരം തടയണ വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഒതുക്കുങ്ങല്‍ മറ്റത്തൂരിലെ നൂറോളം കുടുംബങ്ങളാണ് കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം നേരിടുന്നത്. വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് കടലുണ്ടി പുഴയോരത്തുളളവർ ദുരിതത്തിലാണ്. ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടികളില്ലാത്തതാണ് തിരിച്ചടിയാകുന്നത്. പുഴയില്‍ കെട്ടി നില്ക്കുന്ന വെളളമാകട്ടെ നാട്ടുകാര്‍ക്ക് ഉപയോഗപ്പെടുത്താനും കഴിയാത്ത സ്ഥിതിയാണ്. എട്ടുവര്‍ഷം മുമ്പ് ജല അതോറിറ്റി നബാഡിന്റെ സഹായത്തോടെ യാഥാർഥ്യമാക്കിയ ശുദ്ധജലവിതരണ പദ്ധതിയുടെ മോട്ടോറും ജലസംഭരണിയും ഇവിടെയാണ്.
ഒതുക്കുങ്ങലിന്റെ വിവിധ ഭാഗങ്ങളിലേക്കും സമീപപഞ്ചായത്തുകളായ പൊന്മള, കോഡൂര്‍ എന്നിവിടങ്ങളിലേക്കും വെളളം പമ്പ് ചെയ്യുന്നത് ഈ പദ്ധതി വഴിയാണ്. എന്നാൽ കടുത്ത വേനലിൽ പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ നിശ്ചിത അളവില്‍ വെളളം അടിച്ചു കയറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ പുഴയില്‍നിന്ന് ആഴത്തില്‍ ചാല് കീറിയാണ് സംഭരണിയിലേക്ക് വെളളം ശേഖരിക്കുന്നത്. ഇതിനായി ടാങ്കിന് സമീപത്ത് സുരക്ഷ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ത്താണ് ലിറ്റര്‍ കണക്കിന് വെളളം സംഭരണിയിലേക്ക് അടിച്ചു കയറ്റുന്നത്.
കുടിവെള്ള പദ്ധതി നിലകൊള്ളുന്ന സ്ഥലത്ത് സ്ഥിരം തടയണ ഇല്ലാത്തതാണ് കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്. നിലവിലെ പദ്ധതികള്‍ക്ക് പുറമെ വലിയ ഒരു പദ്ധതി കൂടി കടലുണ്ടി പുഴയുടെ തീരത്തായി വരുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ പദ്ധതി കൂടി വന്നാല്‍ വെളളം മറ്റത്തൂര്‍ നിവാസികള്‍ക്ക് വെളളം കിട്ടാക്കനിയാകും.
സമീപ ഭാഗങ്ങളിലേക്ക് വെള്ളം കൊണ്ടു പോകുന്നതിനാരും എതിരല്ലയെന്നും സ്ഥിരം തടയണയെന്ന ആവശ്യത്തിന് പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.