ഒരു വാർഡിൽ ഒരേ പേരിൽ മൂന്ന് സ്ഥാനാർഥികൾ
text_fieldsകോട്ടക്കൽ: ഒരു വാർഡിൽ ഒരേ പേരിൽ മൂന്ന് സ്ഥാനാർഥികൾ. ഇതിൽ രണ്ടുപേരുടെ വീട്ടുപേരും ഒന്നു തന്നെ. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ തെക്കുമുറിയിലാണ് ഈ കൗതുകം. കുരുണിയൻ ഹസീനമാരാണ് എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും സ്ഥാനാർഥികൾ. കോൺഗ്രസ്, സി.പി.എം സ്ഥാനാർഥികളാണ് ഇരുവരും. എസ്.ഡി.പി.ഐക്കായി മത്സരിക്കുന്നത് കൈതക്കൽ ഹസീനയാണ്.
വർഷങ്ങൾക്ക് മുമ്പും കുരുണിയൻ കുടുംബത്തിലെ രണ്ടു പേർ മത്സര രംഗത്തുണ്ടായിരുന്നു. ഹമീദും മായിനും. മൂന്നാം വാർഡിൽ നിലവിൽ ജനപ്രതിനിധി എൽ.ഡി.എഫിലെ മായിനാണ്. വനിത സംവരണമായതോടെ സീറ്റ് ലഭിച്ചത് ഹസീനക്കായിരുന്നു. നേരത്തേ രണ്ടാം വാർഡിൽ മത്സരിച്ച ഇവർ രണ്ടാം തവണ സ്വന്തം വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. പൊതുപ്രവർത്തകനായ കുരുണിയൻ ഹക്കീമാണ് ഭർത്താവ്. വിദ്യാർഥികളായ മുഹമ്മദ് ഫായിസ്, മുഹമ്മദ് ഹാഷിർ എന്നിവർ മക്കളാണ്.
കോൺഗ്രസ് സ്ഥാനാർഥി ഹസീന മൂന്നാം വാർഡിൽ മൂന്നാം തവണയാണ് മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ പാറക്കൽ റസിയയെ പരാജയപ്പെടുത്തിയതോടെ ലഭിച്ചത് പഞ്ചായത്ത് ഉപാധ്യക്ഷ സ്ഥാനം. രണ്ടാം തവണ ജനറൽ സീറ്റായിരുന്നെങ്കിലും നിയോഗിക്കപ്പെട്ടത് ഹസീനയായിരുന്നു. എന്നാൽ, എതിർ സ്ഥാനാർഥി കുരുണിയൻ മായിനായിരുന്നു വിജയം. നൊട്ടനാലക്കൽ സ്വദേശി മുഹമ്മദ് സലീമിെൻറ ഭാര്യയാണ്. മുഹമ്മദ് ഷിബിലി, ഫാത്തിമ ഷംലി എന്നിവരാണ് മക്കൾ. ഒരേ തറവാട്ട് പേരുണ്ടെന്നേയുള്ളൂ, സ്ഥാനാർഥികൾ നേരിട്ട് ബന്ധുക്കളല്ല. എസ്.ഡി.പി.ഐ സ്ഥാനാർഥിയായ ഹസീന കൈതക്കൽ രണ്ടാം തവണയാണ് ജനവിധി തേടുന്നത്. സജീവ പ്രവർത്തകനായ ഫിറോസിെൻറ ഭാര്യയാണ്. സ്വന്തം വാർഡിലാണ് മത്സരിക്കുന്നത്. മൂന്ന് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.