കോട്ടക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ചുകയറിയ വ്ലോഗർ അറസ്റ്റിൽ
text_fieldsകോട്ടക്കൽ: ആര്യവൈദ്യശാലയിൽ അതിക്രമിച്ചുകയറുകയും സ്ഥാപനത്തിനെതിരെയുള്ള വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം ആവശ്യപ്പെടുകയും ചെയ്ത വ്ലോഗർ അറസ്റ്റിൽ. ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസ് അഖിലേഷിനെയാണ് (37) ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 21ന് നടന്ന സംഭവത്തിലാണ് നടപടി. ‘വ്യൂ പോയന്റ് ആലപ്പുഴ’ യൂട്യൂബ് ചാനലിലെ ജീവനക്കാരനാണെന്നും അഖിലേഷ് രാമചൈതന്യ എന്നാണ് പേരെന്നും പരിചയപ്പെടുത്തിയായിരുന്നു ഇയാൾ ആര്യവൈദ്യശാല പി.ആര്.ഒ ഓഫിസില്‍ എത്തിയത്.
ആര്യവൈദ്യശാലയുടെ സല്‍പേരിന് കളങ്കം വരുത്തുന്ന തരത്തിലുള്ള വിഡിയോ ദൃശ്യങ്ങൾ പി.ആര്.ഒക്ക് കാണിച്ചുകൊടുത്തു. സ്ഥാപനത്തെക്കുറിച്ച് വിഡിയോ ചെയ്യാനുള്ള ഓര്‍ഡറും ഒരു വര്‍ഷത്തേക്ക് പരസ്യത്തിനായി മൂന്നു ലക്ഷം രൂപയും നൽകണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തൃപ്പൂണിത്തുറയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കൊടുങ്ങല്ലൂർ, ആളൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ വിമൽ, സി.പി.ഒ അജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.