കിണർ അപകടം; നിലവിളി കേട്ട് ആദ്യമിറങ്ങി പരശു
text_fieldsകോട്ടക്കൽ: ജന്മം കൊണ്ട് തമിഴനാണെങ്കിലും അന്നം തരുന്ന നാടിനോട് നന്ദിയുണ്ടെന്ന് തെളിയിച്ച് പരശുരാമൻ. കോട്ടക്കലിൽ കിണറിടിഞ്ഞ് കുടുങ്ങിയ അലി അക്ബറിനെയും അഹദിനേയും രക്ഷിക്കാൻ ആദ്യം കിണറ്റിലിറങ്ങിയത് പരശുവായിരുന്നു. അപകടസ്ഥലത്ത് ഓട്ടവുമായി എത്തിയതായിരുന്നു ഗുഡ്സ് ഡ്രൈവറായ ഇദ്ദേഹം.
ഇതിനിടയിലാണ് രണ്ടുപേർ കിണറ്റിലകപ്പെട്ടുവെന്ന നിലവിളിയുമായി മറ്റു തൊഴിലാളികൾ എത്തുന്നത്. പിന്നെയൊന്നും ആലോചിച്ചില്ല. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി കയറിൽ തൂങ്ങി കിണറ്റിലിറങ്ങി. ഈ സമയം അഹദ് പ്രാണരക്ഷാർഥം നിലവിളിക്കുകയായിരുന്നു. ചളി നീക്കിയും മണ്ണു മാറ്റിയും അഹദിനാവശ്യമായ പ്രാഥമിക സൗകര്യങ്ങൾ നൽകി. ഏതു നിമിഷവും മണ്ണ് വീഴാവുന്ന കിണറ്റിലാണ് ജീവൻ പണയപ്പെടുത്തി പരശു രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടിൽ പിതാവിനൊപ്പം ഇത്തരം തൊഴിലിൽ ഏർപ്പെട്ടതാണ് തുണയായത്. 37 വർഷമായി ചേങ്ങോട്ടൂരിലാണ് കുടുംബമായി താമസം. അവസരോചിത ഇടപെടൽ നടത്തിയ യുവാവിനെ ബുധനാഴ്ച ആദരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.