കാട്ടുപന്നികൾ കൈയടക്കി കൃഷിസ്ഥലം; കണ്ണീരണിഞ്ഞ് വാളക്കുളത്തെ കർഷകർ
text_fieldsകോട്ടക്കല്‍: കൃഷിയിടം സംരക്ഷിക്കാന്‍ പടക്കം പൊട്ടിച്ചും സുരക്ഷവേലി ഒരുക്കിയും ഉറങ്ങാതെ കഴിച്ചുകൂട്ടുകയാണ് എടരിക്കോട് വാളക്കുളത്തെ ഒരുകൂട്ടം കര്‍ഷകര്‍. കണ്ണു തെറ്റിയാല്‍ ഏതുസമയത്തും കാട്ടുപന്നികള്‍ കൂട്ടമായി ഇറങ്ങും. ഇതിനകം നഷ്ടപ്പെട്ടതാകട്ടെ നിരവധി കാര്‍ഷിക വിഭവങ്ങളാണ്.
വാളക്കുളം പാടശേഖരത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് 25 ഏക്കറോളം സ്ഥലത്ത് നെല്ല്, വാഴ, കപ്പ, തണ്ണിമത്തന്, വിവിധ പച്ചക്കറികൾ എന്നീ കൃഷികളാണ് ആരംഭിച്ചിരുന്നത്. നെല്‍ക്കതിരുകള്‍ തളിര്ത്തുവരുന്നതേയുള്ളൂ. മറ്റു കായ്കനികളാകട്ടെ വളര്‍ച്ചയുടെ പാരമ്യത്തിലുമാണ്. ഇതിനിെടയാണ് കാട്ടുപന്നികളുടെ കൂട്ട ആക്രമണം. രാവിലെ കൃഷിയിടങ്ങളില്‍ പരിപാലനത്തിനെത്തിയ കര്‍ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞത് വിള നശിച്ച കൃഷിയിടങ്ങളായിരുന്നു. പാടവരമ്പ് പൊളിച്ച് നെൽപാടത്തിലൂടെ പന്നികള്‍ കൂട്ടമായി ഇറങ്ങുകയായിരുന്നു. കപ്പകൃഷിയുടെ കടയടക്കം ഉഴുതുമറിച്ച നിലയിലാണ്. മൂത്താട്ട് കൃഷ്ണന്, എടക്കണ്ടന്‍ മൂസ, യാസര്‍ കോഴിക്കോടന്‍, ജാബിര്‍ പൂക്കയില്‍, സെയ്തലവി പട്ടത്തൊടിക, പോക്കാടന് മുഹമ്മദ്, ജാസിര്‍ പൂക്കയില്‍ എന്നിവരുടേതാണ് കൃഷി.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്നും എടരിക്കോട് ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും പ്രശ്നത്തിൽ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പന്നികളെ തുരത്താന്‍ കൃഷിയിടങ്ങള്‍ വല കെട്ടി സംരക്ഷിച്ചും രാത്രി കാവല്‍നിന്ന് പടക്കം പൊട്ടിച്ചുമാണ് കര്‍ഷകര്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. കൂടാതെ വിവിധയിടങ്ങളില്‍ കോലം കെട്ടി വെച്ചിരിക്കുകയാണ്. നെല്ലും വാഴയും കപ്പയുമെല്ലാം നശിച്ചതോടെ പഞ്ചായത്തിലും കൃഷി വകുപ്പിലും നല്കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.