കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്ക്; റൈഡുകൾ വീണ്ടും ലേലത്തിന്
text_fieldsമലപ്പുറം: അടഞ്ഞ് കിടക്കുന്ന കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകൾ വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങി നഗരസഭ. പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗം റൈഡുകൾക്ക് നിരക്ക് നിശ്ചയിച്ച് നൽകിയാൽ മൂന്നാമതും ലേലം ചെയ്യും.
മൂന്നാമത്തെ ലേലത്തിലും പി.ഡബ്ല്യു.ഡി നിരക്കിൽ ലേല നടപടികൾ പൂർത്തീകരിക്കാനായില്ലെങ്കിൽ തുരുമ്പ് വിലക്ക് വിൽക്കാനാണ് അധികൃതരുടെ തീരുമാനം. 2021ൽ ആദ്യഘട്ടത്തിൽ പി.ഡബ്ല്യു.ഡി മെക്കാനിക്കല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ 25 റൈഡുകള്‍ക്കായി മാര്‍ക്കറ്റ് വില അനുസരിച്ച് 83,73,000 രൂപയാണ് നിശ്ചയിച്ച് നൽകിയത്.
എന്നാൽ, ഈ നിരക്കിൽ ലേലമെടുക്കാൻ പങ്കെടുത്തവർ തയാറായില്ല. 12 ലക്ഷം രൂപയാണ് പരമാവധി രേഖപ്പെടുത്തിയത്. ഇതോടെ ലേലനടപടികൾ രണ്ട് തവണ മുടങ്ങി. ജില്ല ടൂറിസം പ്രൊമേഷന് കൗണ്‍സിലിന്റെ കീഴിലുള്ള ഭൂമിയില്‍നിന്ന് നഗരസഭ റൈഡുകള്‍ വേഗത്തില്‍ ഒഴിവാക്കി തരണമെന്ന് 2020 നവംബര്‍ ഒമ്പതിന് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
തുടർന്ന് പാർക്കിലെ റൈഡുകൾ മാറ്റി 2020 ഡിസംബര്‍ 15നകം സ്ഥലം വിട്ട് നൽകണമെന്ന് കാണിച്ച് ജില്ല കലക്ടർ നഗരസഭക്ക് കത്ത് നൽകിയതോടെയാണ് റൈഡുകൾ ലേലത്തിന് വെക്കാൻ തീരുമാനിച്ചത്.
11 വർഷത്തോളമായി അടഞ്ഞ് കിടക്കുന്ന പാർക്കിലെ റൈഡുകൾ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. കിളിയാംമണ്ണില് യാക്കൂബ് നഗരസഭാധ്യക്ഷനായിരുന്ന കാലത്താണ് കോട്ടക്കുന്നില്‍ പാര്‍ക്ക് ആരംഭിച്ചത്. പാർക്ക് വലിയ ഹിറ്റാകുകയും ചെയ്തു.
തുടര്‍ന്ന് പാര്‍ക്ക് നടത്തിപ്പ് സാമ്പത്തിക നഷ്ടം സൃഷ്ടിച്ചതോടെ നഗരസഭ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കൃത്യമായ പരിചരണമില്ലാത്തതിനാല്‍ കാട് കയറിയ നിലയിലാണ്. കൂടാതെ ജനറേറ്റര്‍, റൂമുകളിലെ എ.സികള്‍ എന്നിവ കേടായി കിടക്കുകയാണ്.
നിലവിൽ കോട്ടക്കുന്ന് പാർക്കിലെ പ്രശ്നങ്ങൾ വിലയിരുത്താനായി നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കിം ചെയർമാനായ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. സ്ഥിരസമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ, കൗൺസിലർമാരായ പി.എസ്.എ ഷബീർ, കെ.പി.എ ഷരീഫ് എന്നിവരാണ് ഉപസമിതി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.