കോട്ടക്കുന്ന് മണ്ണിടിച്ചിൽ: റിപ്പോർട്ട് ലഭ്യമാക്കാൻ കലക്ടർക്ക് നിർദേശം
text_fieldsമലപ്പുറം: കോട്ടക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കാൻ ദുരന്ത നിവാരണ കമീഷണർ, ജില്ല കലക്ടർ എന്നിവർക്ക് നിർദേശം. സംസ്ഥാന ദുരന്ത നിവാരണ അഡീഷനൽ ചീഫ് ജോയന്റ് സെക്രട്ടറിയാണ് നിർദേശം നൽകിയത്. പി. ഉബൈദുല്ല എം.എൽ.എ നൽകിയ കത്തിന് മറുപടിയായാണ് അഡീഷനൽ ചീഫ് ജോയന്റ് സെക്രട്ടറി കെ.സി. അനുരാധ ഇക്കാര്യം അറിയിച്ചത്. എം.എൽ.എയുടെ നിർദേശ പ്രകാരം മണ്ണിടിച്ചിൽ വിഷയം പരിശോധിക്കുന്നതിന് റവന്യൂ മന്ത്രി കെ. രാജൻ നേരത്തെ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
നിലവിൽ ശക്തമായ മഴ പെയ്താൽ പ്രദേശവാസികളെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റുകയാണ് പതിവ്. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നേരത്തെ കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ സാധ്യത ഒഴിവാക്കാന്‍ അഴുക്കുചാൽ നിര്‍മിക്കാന്‍ കോണ്ടൂര് സര്‍വേ (ചരിഞ്ഞ പ്രതലത്തിലെ ഭൂമി സര്‍വേ) നടത്താന്‍ കലക്ടർ നിര്‍ദേശം നൽകിയിരുന്നു. കഴിഞ്ഞ ജൂലൈ നാലിന് ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗ തീരുമാന പ്രകാരമായിരുന്നു നടപടി. കൂടാതെ വെള്ളം ഒഴുകിപ്പോകാൻ അഴുക്കുചാൽ നിർമിക്കാനും ആലോചിച്ചിരുന്നു. ദുരന്തം ഒഴിവാക്കാന്‍ മുകള്‍ ഭാഗത്തുള്ള വെള്ളം ഒഴുകുന്ന ചാലിന്റെ വീതിയും ആഴവും വര്‍ധിപ്പിച്ച് അഴുക്കുചാൽ വഴി കോട്ടപ്പടി വലിയ തോട്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇക്കാര്യത്തിൽ തുടർനടപടികളുണ്ടായിട്ടില്ല.
2019 ആഗസ്റ്റ് ഒമ്പതിന് കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. കൂടാതെ പ്രദേശത്ത് രണ്ടിടങ്ങളില്‍ വിള്ളലുകളും കണ്ടെത്തിയിരുന്നു. ഒന്ന് നേരത്തെ മണ്ണിടിഞ്ഞ ഡി.ടി.പി.സിയുടെ പാര്‍ക്കിലും മറ്റൊന്ന് ആളുകള്‍ താമസിക്കുന്ന വീടുകള്‍ക്ക് മുകളിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.