കോട്ടപ്പടി ബസ് സ്റ്റാന്‍ഡ്; പുതിയ സെപ്റ്റിക് ടാങ്ക് നിർമിക്കാൻ റിവിഷനിൽ ഉൾപെടുത്തും
text_fieldsമലപ്പുറം: മഴക്കാലത്ത് കോട്ടപ്പടി ബസ് സ്റ്റാന്‍ഡിലെ നഗരസഭ മലിനജല സംസ്കരണ ശാലയിലെ ശുചിമുറി ഇടക്കിടെ നിറഞ്ഞ് കഴിയുന്ന പ്രശ്നം പരിഹരിക്കാനുള്ള പുതിയ സെപ്റ്റിക് ടാങ്ക് നിർമാണ പദ്ധതി റിവിഷനിൽ ഇടം പിടിക്കും. ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിക്കുന്നതോടെ ഈമാസം അവസാനത്തോടെ നഗരസഭ പദ്ധതി റിവിഷനിൽ ചേർക്കും. നേരത്തെ വിഷയത്തിൽ പരിഹാരം വേണമെന്ന് നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ എൻജിനീയറുടെ നേതൃത്വത്തിൽ റിപോർട്ട് തയാറാക്കിയിരുന്നു.
ശുചിമുറിയുടെ പ്രശ്നം പരിശോധിക്കാൻ മുനിസിപ്പൽ എൻജിനീയറെ 2024 മാർച്ച് ഏഴിന് ചേർന്ന കൗൺസിൽ യോഗമാണ് ചുമതലപ്പെടുത്തിയത്. മുനിസിപ്പൽ എൻജിനീയർ സ്ഥലം പരിശോധിച്ച് തയാറാക്കിയ റിപോർട്ട് പ്രകാരമാണ് കൂടുതൽ ആഴത്തിൽ സെപ്റ്റിക് ടാങ്ക് നിർമിച്ചാൽ പ്രശ്നം പരിഹരിക്കാമെന്ന നിർദേശമുള്ളത്. നിലവിലുള്ള സെപ്റ്റിക് ടാങ്ക് മഴക്കാലമെത്തിയാൽ നിറഞ്ഞൊഴുകുന്ന സ്ഥിതിയാണ്. ശുചിമുറി നിർമാണത്തിലെ അപാകതയാണ് പ്രശ്നത്തിന് കാരണം. വിഷയം പരാതികൾക്ക് ഇടയാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. മുന്‍ ഭരണസമിതിയുടെ കാലത്താണ് കോട്ടപ്പടി ബസ് സ്റ്റാന്റില്‍ 28.5 ലക്ഷം രൂപ ചെലവില്‍ ശുദ്ധീകരണ ശാല സ്ഥാപിച്ചത്. ഇത് പിന്നീട് പ്രവര്‍ത്തനം നിലച്ചു.
30,000 ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാനുള്ള സൗകര്യമുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനു സെപ്റ്റിക് മാലിന്യം ആവശ്യമാണ്. എന്നാൽ കേന്ദ്രത്തിലേക്ക് കക്കൂസ് മാലിന്യം കൊണ്ടുവരുന്നത് പ്രായോഗികമാകില്ലെന്ന് നഗരസഭ വിലയിരുത്തിയിരുന്നു. ഇതോടൊപ്പം മലിനജലത്തില്‍നിന്ന് ഓയില്‍ വേര്‍തിരിച്ചു നല്കിയാല് മാത്രമേ ജലശുദ്ധീകരണം നടപ്പാക്കാനാകൂ. ഹോട്ടലിലെ മലിനജലത്തില്‍ ഓയിലിന്റെ സാന്നിധ്യം ഉയര്‍ന്ന തോതിലുള്ളതാണ്. ഇക്കാരണത്താല്‍ ജലശുദ്ധീകരണ പ്രവൃത്തികള്‍ നടക്കുക പ്രയാസകരമായി. പദ്ധതി പ്രശ്നം പഠിക്കാൻ ഉപസമിതിയെ നഗരസഭ നിയോഗിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതിയാണ് വിഭാവനം ചെയ്ത തരത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയാതെ നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.