കോട്ടപ്പടി താലൂക്ക് ആശുപത്രി മാറ്റം; വാടക നിർണയിക്കാൻ കെട്ടിട ഉടമകളുമായി ചർച്ച ഇന്ന്
text_fieldsമലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയുടെ താൽക്കാലിക പ്രവർത്തന മാറ്റത്തിന്റെ മുന്നോടിയായി മാറ്റാൻ ഉദേശിക്കുന്ന അബ്ദുറഹ്മാൻ സ്മാരക ഓഡിറ്റോറിയത്തിന്റെ വാടകയുമായി ബന്ധപ്പെട്ട് ഉടമകളുമായി ഉപസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ചർച്ച നടത്തും.
ട്രസ്റ്റിന് കീഴിലാണ് ഓഡിറ്റോറിയം പ്രവർത്തിക്കുന്നത്. ഈ ട്രസ്റ്റ് അധികൃതരുമായിട്ടാകും ചർച്ച. പരാമവധി കുറഞ്ഞ നിരക്കിൽ വാടകക്ക് കെട്ടിടം വിട്ടുകിട്ടുമോ എന്നാണ് ഉപസമിതി പരിശോധിക്കുക. പൊതുജനങ്ങൾക്ക് വേണ്ടി ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഉപസമിതിയുടെ പ്രതീക്ഷ. വാടക ഉറപ്പിച്ചാൽ കരാർ വെച്ച് കൗൺസിൽ അംഗീകാരത്തോടെ ആശുപത്രിയുടെ ഒ.പി മാറ്റ നടപടികൾ ആരംഭിക്കും. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പരി അബ്ദുൽ ഹമീദാണ് ഉപസമിതി ചെയർമാൻ.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ സി. സുരേഷ്, കൗൺസിലർ സി.എച്ച്. നൗഷാദ്, മുനിസിപ്പൽ എൻജിനീയർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
നേരത്തെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി)യുടെ തീരുമാന പ്രകാരം സെപ്റ്റംബർ 10നകം ഒ.പി പ്രവർത്തനം മാറ്റാണ് തീരുമാനിച്ചിരുന്നെങ്കിലും ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിലെ നടപടികൾ വൈകിയതാണ് മാറ്റം നീണ്ടത്.
സെപ്റ്റംബർ 11ന് കൗൺസിൽ യോഗം ചേർന്നാണ് ന്യായ വില അംഗീകരിച്ചത്. എച്ച്.എം.സി തീരുമാന പ്രകാരം ആശുപത്രിയിലെ ഒ.പി, കിടത്തി ചികിത്സ (ഐ.പി), മരുന്ന് സംഭരണ കേന്ദ്രം, എക്സറേ യൂനിറ്റ് എന്നിവയാണ് അധികൃതർ താൽക്കാലം മാറ്റി ക്രമീകരിക്കാൻ നിശ്ചയിച്ചത്. ഒ.പി വിഭാഗമാണ് ആശുപത്രിക്ക് അടുത്തുള്ള അബ്ദുറഹ്മാൻ സ്മാരക ഓഡിറ്റോറിയത്തിലേക്ക് മാറ്റുന്നത്. കിടത്തി ചികിത്സ നിലവിൽ ഒ.പി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കും മരുന്ന് സംഭരണ കേന്ദ്രം കുന്നുമ്മൽ ടൗൺഹാളിലെ ഭക്ഷണ ഹാളിലേക്കും മാറ്റും.
എക്സറേ യൂനിറ്റ് ഒ.പി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കണ്ണ് പരിശോധന കേന്ദ്രത്തിലേക്ക് മാറ്റും. കിടത്തി ചികിത്സക്ക് പരമാവധി സൗകര്യമൊരുക്കാൻ നിലവിലെ ഒ.പി കെട്ടിടത്തിൽ സൗകര്യമൊരുക്കാനാണ് തീരുമാനം. ഒ.പി പ്രവർത്തനം ആരംഭിക്കേണ്ട അബ്ദുറഹ്മാൻ സ്മാരക ഓഡിറ്റോറിയത്തിൽ അത്യാവശ്യ സൗകര്യങ്ങളുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.