കോട്ടപ്പടി മാർക്കറ്റ്: വായ്പ ഒരുകോടി കിട്ടി, നിർമാണം പുനരാരംഭിച്ചേക്കും
text_fieldsമലപ്പുറം: കോട്ടപ്പടി മാർക്കറ്റ് സമുച്ചയ നിർമാണം പുനരാരംഭിച്ചേക്കും. കേരള അർബൻ ആൻഡ് റൂറൽ െഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ (കെ.യു.ആർ.ഡി.എഫ്.സി) വായ്പത്തുക ആദ്യഗഡു നഗരസഭക്ക് ലഭിച്ചു. ഒരുകോടി രൂപയാണ് ആദ്യഘട്ടമായി കിട്ടിയത്. ആദ്യഗഡുവിലെ 50 ലക്ഷം രൂപ ഒരാഴ്ചക്കകം നഗരസഭക്ക് കെ.യു.ആർ.ഡി.എഫ്.സി കൈമാറും.
വായ്പയായി ലഭിച്ച തുകയും നഗരസഭയുടെ തനത് ഫണ്ടിലെ രണ്ട് കോടിയും പ്രയോജനപ്പെടുത്തി കരാർ കുടിശ്ശിക തീർത്ത് നിർമാണം പുനരാരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കരാറുകാരനുമായി നഗരസഭയുടെ നേതൃത്വത്തിൽ ചർച്ച നടത്തുമെന്ന് അധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് വേഗത്തിൽ നിർമാണം പുനരാരംഭിക്കാനാണ് ശ്രമമെന്ന് നഗരസഭാധ്യക്ഷൻ വ്യക്തമാക്കി. ഇതുവരെ രണ്ടര കോടി രൂപയുടെ നിർമാണപ്രവൃത്തികൾ കരാറുകാരൻ പൂർത്തിയാക്കിയിരുന്നു.
ബിൽ തുക ലഭിക്കാതെ വന്നതോടെ 2022 ഫെബ്രുവരിയിൽ പണി നിർത്തിവെച്ചു. തുടർന്ന് ബിൽ തുക നൽകണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ നഗരസഭക്ക് കത്ത് നൽകിയിരുന്നു. കെ.യു.ആർ.ഡി.എഫ്.സിയുടെ ഫണ്ട് കിട്ടിയാൽ പണം നൽകാമെന്ന് നഗരസഭ കരാറുകാരന് നിർദേശം നൽകിയിരുന്നു. വായ്പ ലഭിച്ചതോടെ കരാറുകാരന്റെ പ്രശ്നം പരിഹരിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 10 കോടി രൂപയാണ് കെ.യു.ആർ.ഡി.എഫ്.സി ആകെ വായ്പ അനുവദിക്കുക.
നിർമാണപ്രവൃത്തികൾ പൂർത്തിയാക്കുന്ന മുറക്ക് വായ്പത്തുക നഗരസഭക്ക് കൈമാറും. ഒന്നര വർഷമായി പണി നിലച്ചതോടെ മാർക്കറ്റ് കെട്ടിട പരിസരം കാട് പിടിച്ച് കിടക്കുകയാണ്. നിർമാണം തുടങ്ങുന്നതോടെ സമീപത്തെ പഴയ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും. നിർമാണത്തിന്റെ ഭാഗമായി പ്രദേശത്തെ 92 വ്യാപാരികൾ ഒന്നര വർഷത്തിലേറെയായി താൽക്കാലിക ഷെഡിലാണ് കച്ചവടം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.