കോട്ടപ്പടി താലൂക്ക് ആശുപത്രി കെട്ടിട നിർമാണം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി
text_fieldsമലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡറക്ടർ സി.എ. സന്തോഷാണ് അനുമതി നൽകിയുള്ള കത്ത് ജില്ല കലക്ടർക്ക് നൽകിയത്. കത്തിന്റെ പകർപ്പ് ജില്ല കലക്ടർ പി. ഉബൈദുല്ല എം.എൽ.എക്ക് കൈമാറി.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് പ്രകാരം പുതിയ കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകാവുന്നതാണെന്നും സ്ഥലം വിട്ടുനൽകുന്നതിന് അനുമതി നൽകുന്ന സാഹചര്യത്തിൽ ചുറ്റുമതിൽ കെട്ടി കോമ്പൗണ്ട് തിരിച്ച് നിർമാണം ആരംഭിക്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്താണ് അനുമതി നൽകുന്നതെന്ന് കത്തിൽ പറയുന്നു.
താലൂക്ക് ആശുപത്രി കെട്ടിടം പണിയാൻ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) നൽകണമെന്ന് കാണിച്ച് 2021 സെപ്റ്റംബർ 21 മലപ്പുറം നഗരസഭ സെക്രട്ടറിയും 2023 ഒക്ടോബർ 10ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നു. ഇവയെല്ലാം പരിശോധിച്ചാണ് അനുമതി നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
നിലവിൽ കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി ജൻ വികാസ് കാരിക്രം (പി.എം.ജെ.വി.കെ) യിൽ 9.90 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്. ഭിന്നശേഷി റാമ്പ്, ലിഫ്റ്റ് അടക്കമുള്ള നാലുനില കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആശുപത്രിയുടെ മുൻവശത്തെ കെട്ടിടം ശോച്യാവസ്ഥയിലാണ്. ഇതോടെ ആശുപത്രിയിലെ കിടത്തി ചികിത്സക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കോട്ടപ്പടിയിൽ മലപ്പുറം ഗവ. കോളജാണ് പ്രവർത്തിച്ചിരുന്നത്. കോളജ് മുണ്ടുപറമ്പിലേക്ക് മാറ്റിയതോടെ കുന്നുമ്മലിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി കോട്ടപ്പടിയിലേക്ക് മാറ്റി. എന്നാൽ, ഭൂമിയുടെ ഉടമസ്ഥത വിദ്യാഭ്യാസ വകുപ്പിൽനിന്ന് ആരോഗ്യ വകുപ്പിലേക്ക് മാറ്റാതെ നിലനിർത്തുകയായിരുന്നു. ദിനംപ്രതി ഒ.പിയിൽ മാത്രം 800 ഓളം പേരാണ് ചികിത്സ തേടിയെത്തുന്നത്.
മലപ്പുറം നഗരസഭക്ക് പുറമെ, കോഡൂർ, പൊന്മള, പൂക്കോട്ടൂർ, കൂട്ടിലങ്ങാടി, ഊരകം ഗ്രാമപഞ്ചായത്തുകളിലെ സാധാരണക്കാർ ആശ്രയിക്കുന്ന കേന്ദ്രമാണിത്. കിടത്തി ചികിത്സ, പ്രസവം എന്നിവക്കുമുള്ള ആശ്രയ കേന്ദ്രമാണിത്. കിടത്തി ചികിത്സക്ക് നിയന്ത്രണമേർപ്പെടുത്തിയത് സാധാരണക്കാരെ അടക്കം ബാധിച്ചിട്ടുമുണ്ട്.
പ്രശ്നം താൽക്കാലികമായി പരിഹരിക്കാൻ ഒ.പി പ്രവർത്തനം ക്രമീകരിക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി(എച്ച്.എം.സി)യുടെയും ഉപസമിതിയുടെയും നേതൃത്വത്തിൽ നടപടി പുരോഗമിക്കുകയാണ്. കോട്ടപ്പടി അബ്ദുറഹ്മാൻ സ്മാരക ഓഡിറ്റോറിയത്തിലേക്കാണ് ഒ.പി പ്രവർത്തനം മാറ്റാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ന്യായവില നിശ്ചയിക്കൽ നേരത്തെ പൂർത്തിയായിരുന്നു. സെപ്റ്റംബർ 11 കൗൺസിൽ യോഗം ചേർന്നാണ് ന്യായ വില അംഗീ
കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.