കോട്ടപ്പടി താലൂക്ക് ആശുപത്രി; സെപ്റ്റംബർ 10 മുതൽ താൽക്കാലിക പ്രവർത്തന മാറ്റം
text_fieldsമലപ്പുറം: പഴയകെട്ടിടം ശോച്യാവസ്ഥയിലായതോടെ കോട്ടപ്പടി താലൂക്ക് ആശുപത്രിയുടെ താൽക്കാലിക പ്രവർത്തനമാറ്റം സെപ്റ്റംബർ 10 മുതൽ ആരംഭിക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗ തീരുമാനം. ബുധനാഴ്ച ഉച്ചക്ക് മൂന്നിന് ചേർന്ന എച്ച്.എം.സി യോഗത്തിലാണ് തീരുമാനം. ആശുപത്രിയിലെ ഒ.പി, കിടത്തി ചികിത്സ (ഐ.പി), മരുന്ന് സംഭരണ കേന്ദ്രം, എക്സറേ യൂനിറ്റ് എന്നിവയാണ് അധികൃതർ താൽക്കാലികം മാറ്റി ക്രമീകരിക്കുക. ഒ.പി വിഭാഗം ആശുപത്രിക്ക് അടുത്തുള്ള അബ്ദുറഹ്മാൻ സ്മാരക ഓഡിറ്റോറിയത്തിലേക്ക് മാറ്റും.
കിടത്തി ചികിത്സ നിലവിൽ ഒ.പി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കും മരുന്ന് സംഭരണകേന്ദ്രം കുന്നുമ്മൽ ടൗൺഹാളിലെ ഭക്ഷണ ഹാളിലേക്കും മാറ്റും. എക്സറേ യൂനിറ്റ് ഒ.പി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കണ്ണ് പരിശോധന കേന്ദ്രത്തിലേക്ക് മാറ്റും. കിടത്തി ചികിത്സക്ക് പരമാവധി സൗകര്യമൊരുക്കുന്നതിന് ഒ.പി കെട്ടിടത്തിൽ സൗകര്യമൊരുക്കും. ഇതിന്റെ ഭാഗമായി കെട്ടിടത്തിൽ അറ്റകുറ്റപണികൾ ഉടൻ തന്നെ തുടങ്ങും. മുന്നോടിയായി എച്ച്.എം.സി നിയോഗിച്ച സംഘം അടുത്തദിവസം ആശുപത്രി സന്ദർശിച്ച് എന്തൊക്കെ പ്രവൃത്തികളാണ് പൂർത്തീകരിക്കേണ്ടതെന്ന് വിലയിരുത്തി തീരുമാനമെടുക്കും. ഒ.പി പ്രവർത്തനം ആരംഭിക്കേണ്ട അബ്ദുറഹ്മാൻ സ്മാരക ഓഡിറ്റോറിയത്തിൽ അത്യാവശ്യ സൗകര്യങ്ങളുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൂടുതൽ സൗകര്യങ്ങൾ വേണ്ടതുണ്ടോ എന്നും അധികൃതർ വിലയിരുത്തും. ടൗൺ ഹാളിലേക്ക് മാറ്റുന്ന മരുന്ന് സംഭരണകേന്ദ്രത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഫണ്ട് പ്രയോജനപ്പെടുത്തി ഒരുക്കും. മരുന്ന് സൂക്ഷിക്കാനുള്ള ശീതികരണ മുറിയടക്കം ഇതിലുണ്ടാകും. ഒ.പി കെട്ടിടത്തിലെ ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങുന്ന സൗകര്യം പുറത്തേക്ക് മാറ്റും. നിലവിൽ ഒ.പി കെട്ടിടത്തിനുള്ളിലാണ് മരുന്ന് വാങ്ങുന്നതിന് സൗകര്യമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.