കോട്ടപ്പടി താലൂക്ക് ആശുപത്രി; സാങ്കേതികത്വം തീരാതെ കെട്ടിട മാറ്റ നടപടികൾ
text_fieldsമലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രി കെട്ടിടം മൂന്നിടങ്ങളിലേക്കായി മാറ്റുന്ന നടപടി കെട്ടിടങ്ങളുടെ ഫെയർ വാല്യു കണക്കാക്കുന്നതിലെ സാങ്കേതികത്വം കാരണം നീളുന്നു. കോട്ടപ്പടി അബ്ദുറഹ്മാൻ സ്മാരകം, വലിയങ്ങാടി കിളിയാമണ്ണിൽ ഓഡിറ്റോറിയം, മലപ്പുറം ടൗൺഹാൾ എന്നിവിടങ്ങളിലേക്കാണ് ആശുപത്രി മാറ്റുന്നത്.
ഇതിൽ അബ്ദുറഹ്മാൻ സ്മാരകം, കിളിയാമണ്ണിൽ ഓഡിറ്റോറിയം എന്നിവയുടെ ഫെയർ വാല്യു കണക്കാക്കുന്നതിനുള്ള സാങ്കേതികത്വമാണ് നടപടികൾ പതുക്കെ പോകുന്നതിന് കാരണമായത്. ഓരോ കെട്ടിടത്തിനും ഫെയർ വാല്യു നിശ്ചയിക്കുന്നതിന് മുന്നോടിയായി പ്രദേശത്തെ രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ വാല്യൂ കൂടി പരിശോധിക്കണം. ഇവ ലഭിക്കാനും പരിശോധിക്കാനും കാലതാമസമാണ് പ്രശ്നത്തിന് വഴിയൊരുക്കുന്നത്.
കൂടാതെ കെട്ടിടത്തിന്റെ പഴക്കം, സ്ക്വയർ ഫീറ്റ്, ദേശീയപാത-സംസ്ഥാനപാത തുടങ്ങിയ പരിഗണിക്കണം. ഇത് ലഭിച്ചാൽ മാത്രമേ ഫെയർ വാല്യു കണക്കെടുപ്പ് പൂർത്തീകരിക്കാനാവു. തുടർന്ന് വേണം ഉപസമിതി പരിശോധിച്ച് റിപ്പോർട്ടാക്കി കൗൺസിൽ യോഗത്തിലേക്ക് സമർപ്പിക്കേണ്ടത്. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പരി അബ്ദുൽ ഹമീദാണ് ഉപസമിതി ചെയർമാൻ. വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ പി.കെ. സെക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ സി. സുരേഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജൻ എന്നിവർ കൂടാതെ കൗൺസിലർ സി.എച്ച്. നൗഷാദും മുനിസിപ്പൽ എൻജിനീയർ എന്നിവർ അംഗങ്ങളാണ്.
ഉപസമിതി റിപ്പോർട്ട് അംഗീകരിക്കുന്നതിന് അനുസരിച്ചാകും ആശുപത്രി മാറ്റം നടപ്പാകുക. നിലവിൽ മുനിസിപ്പൽ എൻജിനീയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിലാണ് ഫെയർ വാല്യു കണക്കെടുപ്പ്. അബ്ദുറഹ്മാൻ സ്മാരകത്തിലേക്ക് ഒ.പിയും ഫാർമസിയും എക്സറെ യൂനിറ്റുമാണ് മാറ്റാൻ ഉദ്ദേശിക്കുന്നത്.
കിളിയമണ്ണിൽ ഓഡിറ്റോറിയത്തിലേക്ക് കിടത്തി ചികിത്സക്കായി മെഡിഡിൻ വിഭാഗത്തിൽ 40 ബെഡ്ഡുകളും കുട്ടികളുടെ വിഭാഗത്തിൽ 10 ബെഡ്ഡുകളും ഉൾപ്പെടെ 50 ബെഡ്ഡുകൾക്കും ഡോക്ടേഴ്സ് റൂം, നഴ്സസ് റൂം ഉൾപെടെയുള്ളവ മാറ്റിയേക്കും. മരുന്ന് സൂക്ഷിക്കുന്ന കേന്ദ്രം കുന്നുമ്മൽ ടൗൺ ഹാളിലെ ഭക്ഷണ ഹാളിലേക്കും മാറ്റിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.