കരിപ്പൂർ: റൺവേ നീളം കുറക്കരുത്-ഉപദേശക സമിതി യോഗം
text_fieldsകരിപ്പൂർ: നിലവിലുള്ള റൺവേയെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി യോഗം. സുരക്ഷ നടപടികളുടെ ഭാഗമായി റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം വർധിപ്പിക്കുന്നതിനായി റൺവേ നീളം കുറക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതി നിർദേശിച്ചിരുന്നു. ഈ നിർദേശം പൂർണമായി തള്ളിക്കളയണമെന്ന് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു. ഇപ്പോഴുള്ള റൺവേ നിലനിർത്തിയാൽ മാത്രമേ വലിയ വിമാനസർവിസ് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ. വലിയ വിമാന സർവിസ് പുനരാരംഭിക്കേണ്ടത് കരിപ്പൂരിന്റെ അടിയന്തര ആവശ്യമാണെന്ന് യോഗശേഷം സമിതി ചെയർമാൻ കൂടിയായ സമദാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ വ്യക്തത വരുത്തണം
വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കരിപ്പൂരിൽ യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗവുമായി ബന്ധപ്പെട്ട് നടപടികൾക്കായി കാത്തിരിക്കുകയാണ്. വിഷയത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പരിസരവാസികളെ വിശ്വാസത്തിലെടുത്തായിരിക്കണം നടപടി. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും വ്യക്തത വരണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
യാത്രക്കാർക്കായി പരാതി പരിഹാര സംവിധാനം
യാത്രക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് സംവിധാനം ആരംഭിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. യാത്രക്കാർക്ക് ചില മോശം അനുഭവങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. കൂടാതെ, വിമാനത്താവളത്തിന്റെ പബ്ലിക് റിലേഷൻ സംവിധാനവും മെച്ചപ്പെടുത്തും.
യൂറോപ്പ് യാത്രാപ്രശ്നവും ചർച്ചയായി
മലബാറിൽനിന്ന് യൂറോപ്പിലേക്ക് പഠനത്തിനും ജോലിക്കുമായി പോകുന്നവർക്കുള്ള യാത്ര പ്രശ്നവും യോഗത്തിൽ ചർച്ചയായി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. വിഷയം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയാണ് യോഗത്തിൽ ഉന്നയിച്ചത്. ഇവിടെ നിന്നും വിദ്യാർഥികളും ജോലിക്ക് പോകുന്നവരും ആശ്രയിച്ച വിമാനസർവിസുകൾ നിർത്തലാക്കിയിട്ടുണ്ട്. അവയെല്ലാം പുനരാരംഭിക്കണം. നേരത്തെയുണ്ടായിരുന്ന വിദേശ കമ്പനികളുടെ പ്രീമിയം സർവിസുകൾ പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വലിയ വിമാന സർവിസ്
വിമാനാപകട കാരണം കരിപ്പൂരിലെ ഭൗതിക സംവിധാനവുമായി ബന്ധപ്പെട്ട ഒന്നല്ലെന്ന് അന്വേഷണ റിപ്പോർട്ട് വന്നിട്ടും വലിയ വിമാന സർവിസ് നീട്ടികൊണ്ട് പോകുന്നത് ശരിയല്ല. ഇക്കാര്യം അടിയന്തരമായി പരിഹരിക്കണമെന്നും സമദാനി പറഞ്ഞു. സർവിസുമായി ബന്ധപ്പെട്ട് അവ്യക്തത തുടരുകയാണ്. 11 അംഗ കമ്മിറ്റിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഇപ്പോൾ. ഈ വിഷയത്തിൽ സർക്കാറിന് ഒളിച്ചുകളിയുള്ളതായി പൊതുജനങ്ങൾക്ക് ആശങ്കയുണ്ട്. ഇക്കാര്യം യോഗത്തിൽ വിശദമായി ചർച്ചയായതായും കേന്ദ്രത്തെ ഇക്കാര്യം അറിയിക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. അപകട റിപ്പോർട്ടിൽ വിമാനത്താവളത്തെ കുറ്റം പറയുന്നില്ലെങ്കിലും പിന്നീട് വന്ന രണ്ട് സമിതികളും വിമാനത്താവളത്തിന്റെ സുഗമമായ നടത്തിപ്പിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ആവശ്യമായ കാര്യങ്ങൾക്ക് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു.
റോഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തും
വിമാനത്താവളത്തിലേക്ക് റോഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി വിമാനത്താവള അതോറിറ്റിയുടെയും ഉപദേശക സമിതിയുടെയും സഹകരണത്തോടെ ഉദ്യോഗസ്ഥ തല യോഗം വിളിച്ചു ചേർക്കും. രാമനാട്ടുകരയിൽ നിന്നുള്ള റോഡ് വികസനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. മറ്റ് റോഡുകളുമായി ബന്ധപ്പെട്ട് സർക്കാർ നടപടി സ്വീകരിക്കണം. ഫയർ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, നൂറ് കിടക്കയുള്ള ആശുപത്രി എന്നിവ വിമാനത്താവള പരിസരത്ത് ആരംഭിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണം. ഡ്രൈനേജ് പ്രശ്നം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ സഹകരിച്ച് നടപടിയുണ്ടാകണം. വെള്ളം സമീപത്തെ പുഴയിലേക്ക് ഒഴുകി പോകുന്നതിനായി ഡ്രൈനേജ് നിർമിക്കണം. ഇതാണ് വിഷയത്തിലെ ശാശ്വത പരിഹാരമെന്നും യോഗത്തിൽ ഡയറക്ടർ അറിയിച്ചു.
ഓൺലൈനായി നടന്ന പരിപാടിയിൽ എം.പിമാർ, വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം, എ.ടി.സി ജോ. ജനറൽ മാനേജർ മുഹമ്മദ് ഷാഹിദ്, സി.എൻ.എസ് ജോ. ജനറൽ മാനേജർ മുനീർ മാടമ്പത്ത്, ഓപറേഷൻസ് ജോ. ജനറൽ മാനേജർ ജയവർധന തുടങ്ങിയവർ നേരിട്ട് സംബന്ധിച്ചു. എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, കലക്ടർ വി.ആർ. പ്രേംകുമാർ, കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫ്, പള്ളിക്കൽ പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി, ഉപദേശക സമിതി അംഗങ്ങളായ പി.ടി. അജയ്മോഹൻ, കെ.വി. ഹസീബ് അഹമ്മദ്, കെ.വി. അൻവർ, പി.വി. ഗംഗാധരൻ, ടി.പി.എം. ഹാഷിർ അലി, സി.പി. സെയ്തലവി, പ്രദീപ് കണ്ടോത്ത്, അവാം സുറൂർ, എ.കെ.എ. നസീർ, ഡോ. കെ. മൊയ്തു, പുത്തൂർ റഹ്മാൻ, ടി. മുഹമ്മദ് ഹാരിസ് തുടങ്ങിയവർ ഓൺലൈനിലും സംബന്ധിച്ചു.
ആഭ്യന്തര സർവിസ്: വിമാനകമ്പനികളുടെ യോഗം വിളിക്കും
വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര സർവിസുകൾ മെച്ചപ്പെടുത്തുന്നതിനായി വിമാനകമ്പനികളുടെ യോഗം വിളിച്ചുചേർക്കും. ഇതിനായി വിമാനത്താവള ഡയറക്ടറെ ചുമതലപ്പെടുത്തി. സർവിസ് തുടങ്ങാൻ കമ്പനികൾ തയാറാകുമ്പോഴും അനുമതി ലഭിക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് യോഗം വിളിച്ചു ചേർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.