കോഴിക്കോട്-പാലക്കാട് ഗ്രീൻ ഫീൽഡ് പാത; ത്രീ ഡി വിജ്ഞാപനം പുറത്തിറങ്ങി
text_fieldsമലപ്പുറം: കോഴിക്കോട്-പാലക്കാട് ഗ്രീൻ ഫീൽഡ് പാതയുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ത്രീ ഡി വിജ്ഞാപനം പുറത്തിറങ്ങി. ജില്ലയിൽ 52 കിലോമീറ്റർ ദൂരത്തിൽ 238 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ ഉൾപ്പെട്ട 212 ഹെക്ടർ ഭൂമിയുടെ ത്രീ ഡി വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. ഏറ്റെടുക്കുന്ന ഭൂമിയിൽ വില്ലേജിലെ അടിസ്ഥാന നികുതി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ആളുകളുടെ പേരുകളാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ത്രീ ജി (3)വിചാരണയുടെ അടിസ്ഥാനത്തിലാണ് നിലവിലെ ഭൂവുടമയെ കണ്ടെത്തുന്നത്. 45 മീറ്റർ വീതിയിൽ ഏറ്റെടുക്കുന്നതിൽ ഉൾപ്പെട്ടതും ത്രീ ഡി വിജ്ഞാപനത്തിൽ ഉൾപ്പെടാത്തതുമായ ഭൂമിയെ സംബന്ധിച്ച് ത്രീ എ വിജ്ഞാപനം ഒരാഴ്ചക്കുള്ളിലും ഇതിന്റെ ത്രീ ഡി വിജ്ഞാപനം ഒരു മാസത്തിനുള്ളിലും പുറത്തിറങ്ങും. ഇപ്പോൾ പുറത്തിറങ്ങിയ ത്രീ ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമിയെ സംബന്ധിച്ച് ത്രീ ജി (3) വിചാരണ മാർച്ച് ഒന്ന് മുതൽ 14 വരെ മഞ്ചേരി ടൗൺഹാളിൽ നടക്കും.
വിജ്ഞാപനം പുറപ്പെടുവിച്ച ഭൂമിയിൽ ഉൾപ്പെടുന്ന ഭൂവുടമകളും വ്യാപാരികളും അതാത് ദിവസങ്ങളിലും സമയങ്ങളിലും കോമ്പറ്റന്റ് അതോറിറ്റി മുമ്പാകെ ഹാജരായി ബന്ധപ്പെട്ട രേഖകൾ സഹിതം ഏറ്റെടുക്കുന്ന ഭൂമിയിലുള്ള അവകാശവാദം തെളിയിക്കണം. വിചാരണക്ക് ഹാജരാകുമ്പോൾ ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകൾ ഹാജരാക്കണം. ഏറ്റെടുക്കുന്ന ഭൂമികളിൽ കച്ചവടം നടത്തുന്നവർക്കും വിചാരണയിൽ പങ്കെടുക്കാം.
മാർച്ച് പകുതിയോടെ വിചാരണ പൂർത്തീകരിച്ച് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച് ഫണ്ടിന് വേണ്ടി പദ്ധതി സമർപ്പിക്കും. മാർച്ച് 31നകം ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടിൽ തുക ലഭ്യമാകും. ഫണ്ട് എത്തിയാലുടൻ ഒഴിഞ്ഞുപോകുന്നതിനുള്ള ത്രീ ഇ (1) നോട്ടീസ് നൽകും. അതോടൊപ്പം ഓരോരുത്തരുടെയും നഷ്ടപരിഹാരം സംബന്ധിച്ച ഉത്തരവും നൽകും. ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് ലഭിച്ച് രണ്ട് മാസത്തിനകം ഭൂമിയിൽനിന്നും കെട്ടിടങ്ങളിൽനിന്നും ഒഴിഞ്ഞുപോകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.