കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാത; നഷ്ടപരിഹാര തുക ഉടൻ ലഭിച്ചേക്കും
text_fieldsമഞ്ചേരി: നിർദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതക്ക് ജില്ലയിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാര തുക ഉടൻ ലഭിച്ചേക്കും. ആദ്യഘട്ടത്തിൽ 200 കോടി രൂപ ലഭിക്കുമെന്നാണ് വിവരം. 2467 കോടി രൂപ ആവശ്യപ്പെട്ടാണ് ദേശീയപാത അതോറിറ്റിക്ക് അപേക്ഷ നൽകിയത്. എല്ലാ രേഖകളും സമർപ്പിച്ച കെട്ടിട, സ്ഥല ഉടമകൾക്കായിരിക്കും ആദ്യം തുക നൽകുക. നഷ്ട പരിഹാരം ലഭിക്കാൻ കാലതാമസം ഉണ്ടാകില്ലെന്ന് കലക്ടർ നേരത്തെ സ്ഥല ഉടമകളെ അറിയിച്ചിരുന്നു.
നഷ്ടപരിഹാരത്തുക നിർണയിക്കുന്ന നടപടികൾ ഈ ആഴ്ചയിൽ പൂർത്തിയാകും. ഭൂവുടമകളുടെ വാദം കേൾക്കലും രേഖകൾ ഹാജരാക്കുന്ന നടപടികളും അന്തിമഘട്ടത്തിലാണ്. 3950 ഉടമകളുടെ ഭൂമിയാണ് ദേശീയപാതക്കായി ഏറ്റെടുക്കുന്നത്. ഇതിൽ 32 ഉടമകൾ മാത്രമാണ് ഇനി വാദം കേൾക്കലിൽ പങ്കെടുക്കാനുള്ളത്. ജില്ലയിൽ 238 ഹെക്ടർ ഭൂമിയിലൂടെയാണ് പാത കടന്നുപോകുന്നത്. ഇതിൽ 210 ഹെക്ടർ ഭൂമിയുടെ ത്രീ ഡി വിജ്ഞാപനം ഫെബ്രുവരി 13ന് പുറത്തിറങ്ങിയിരുന്നു. ബാക്കി 28 ഹെക്ടർ ഭൂമിയുടെ ത്രീ ഡി വിജ്ഞാപനം കഴിഞ്ഞ മാസം ഇറങ്ങിയതോടെ ഏറ്റെടുക്കുന്ന ഭൂമി പൂർണമായും കേന്ദ്ര സർക്കാറിന്റെ അധീനതയിലായി. ത്രീ ഡി വിജ്ഞാപനം പൂർത്തിയായതോടെ അന്തിമ റിപ്പോർട്ട് അധികൃതർ ദേശീയപാത അതോറിറ്റിക്ക് കൈമാറി. വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരകുണ്ട് വില്ലേജുകളിലൂടെയാണ് പുതിയ ദേശീയ പാത. ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പാതക്ക് 121 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഇതില്‍ 52.96 കിലോമീറ്റര്‍ ദൂരമാണ് ജില്ലയിലൂടെ കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.