കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് ടെർമിനൽ പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ കെട്ടിടത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. പി. ഉബൈദുല്ല എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റിലുള്ള പ്രവൃത്തികളാണ് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നത്. ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ ചുമരുകളുടെ തേപ്പ് പൂർത്തിയായി. പെയിന്റിങ് ജോലി അന്തിമ ഘട്ടത്തിലാണ്. കെട്ടിടത്തിന്റെ തറയിൽ ഗ്രാനൈറ്റ് വിരിക്കുന്ന പണി ഉടൻ ആരംഭിക്കും. ടോയ്ലെറ്റിന്റെ പ്ലംബിങ്, ടൈലിങ്, ഇലക്ട്രിക്കൽ ജോലികളും ഉടൻ തുടങ്ങും.
ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകൾനിലയുടെ വിൻഡോകൾക്ക് ഷട്ടർ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. കെട്ടിടം നിർമിക്കാൻ മണ്ണെടുത്ത ഭാഗത്ത് റീട്ടെയ്നിങ് വാൾ നിർമിക്കുന്നതിനുവേണ്ടിയുള്ള അനുമതി പത്രം കെ.എസ്.ആർ.ടി.സി ചീഫ് എൻജിനീയർ പൊതുമരാമത്ത് വകുപ്പിന് കൈമാറി. പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കാൻ അംഗീകൃത സ്ട്രക്ചറൽ പ്ലാനും ഡിസൈനും കൂടി പി.ഡബ്ല്യു.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമം പൂർത്തിയായാലുടൻ കോൺക്രീറ്റ് വാൾ നിർമാണം ആരംഭിക്കും. ഒരടി താഴ്ത്തി മണ്ണ് നീക്കി ലെവലിങ് നടത്തിയാണ് ബസ്സ്റ്റാൻഡ് യാർഡിൽ ഇൻർലോക്ക് കട്ട പതിക്കുക. ഭിന്നശേഷിക്കാർക്കും കാഴ്ചപരിമിതർക്കും അപകടമില്ലാതെ, ബസ് സ്റ്റാൻഡിലെത്താൻ പാകത്തിൽ ഫൂട്ട്പാത്തും ഒരുക്കും.
കട്ടവിരിക്കലിന് മുമ്പ് ബസ്സ്റ്റാൻഡ് അവിടെനിന്നും താൽകാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റും. എം.എൽ.എ ഫണ്ടിനു പുറമെ ബാക്കി വരുന്ന പ്രവൃത്തികൾ ചെയ്യാൻ പൊതുമരാമത്ത് ബിൽഡിങ് വിഭാഗം പുതിയ എസ്റ്റിമേറ്റ് തയാറാക്കി വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.