പാതിരായാത്രകൾ പാതിവഴിയിൽ...
text_fieldsനിലമ്പൂർ: തെക്കൻ ജില്ലകളിൽനിന്നുള്ള അധിക കെ.എസ്.ആർ.ടി.സി സർവിസുകളുടെയും സർവിസ് നിലമ്പൂരിൽ അവസാനിക്കുന്നതിനാൽ വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, മൂത്തേടം പഞ്ചായത്ത് നിവാസികൾക്ക് ഉപകാരപ്പെടുന്നില്ല. നിലമ്പൂരിൽ അവസാനിപ്പിക്കുന്ന ട്രിപ്പുകളിൽ ചിലതെങ്കിലും വഴിക്കടവിലേക്ക് സർവിസ് ദീർഘിപ്പിച്ചാൽ പാതിരാത്രിയിൽ നിലമ്പൂരിലെത്തുന്നവർക്ക് വലിയ ആശ്വാസമാകും. നിലവിൽ പുലർച്ച ഒരു മണി മുതൽ ഇവിടെയെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് പുലർച്ച മൂന്നര വരെ കാത്തിരുന്നാണ് വഴിക്കടവ് ഭാഗത്തേക്കുള്ള സർവിസ് ലഭിക്കുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന യാത്രക്കാർ പാതിരാത്രിയിൽ നിലമ്പൂർ ചെട്ടിയങ്ങാടിയിൽ നിൽക്കേണ്ട അവസ്ഥയാണ്. ഇവിടെ വിശ്രമമുറിയോ, ശുചിമുറിയോ ഇല്ലാത്തതും വെല്ലുവിളിയാണ്.
തെക്കൻ ജില്ലകളിൽ പഠനാവശ്യത്തിനും ജോലിക്ക് പോയി വരുന്നവരും രാത്രിയിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു. നിലമ്പൂർ സബ് ഡിപ്പോയിൽ നിന്ന് അതിരാവിലെ പുറപ്പെടുന്ന പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, എറണാകുളം, വൈറ്റില സർവിസുകളാണ് രാത്രിയിൽ തിരികെയെത്തുന്നത്. തൃശൂർ ഡിപ്പോയിൽ നിന്ന് രാത്രി 10.50ന് പുറപ്പെടുന്ന ടൗൺ ടു ടൗൺ സർവിസ് പെരിന്തൽമണ്ണയിൽ 12.45നാണ് എത്തുന്നത്. ഇവിടെനിന്ന് പുലർച്ച ഒന്നിന് പുറപ്പെട്ട് രണ്ട് മണിയോടെയാണ് നിലമ്പൂരിൽ എത്തുക. ഈ സർവിസ് വഴിക്കടവിലേക്ക് നീട്ടിയാലും യാത്രക്കാർക്ക് വലിയ ആശ്വാസമാകും. കരിമ്പുഴ ഭാഗത്ത് പലപ്പോഴും കാട്ടാനയിറങ്ങുന്നതിനാൽ രാത്രിയിൽ ഇതുവഴിയുള്ള ബൈക്ക് യാത്ര അപകടഭീഷണിയുമുയർത്തുന്നു. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഈ റൂട്ട് വഴി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും ഇത് നിലമ്പൂരിലെത്തുന്നവർക്ക് ഉപകാരപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.