കെ.എസ്.ആര്.ടി.സി ടൂര്‍ പാക്കേജ്: രണ്ട് വര്‍ഷത്തിനിടെ ഒന്നര കോടിയുടെ വരുമാനം
text_fieldsമലപ്പുറം: കെ.എസ്.ആര്.ടി.സി ജില്ലയില്‍നിന്ന് ടൂര്‍ പാക്കേജിലൂടെ രണ്ട് വര്‍ഷത്തിനിടെ സ്വന്തമാക്കിയത് ഒന്നര കോടി രൂപയുടെ വരുമാനം. 2021 ഒക്ടോബര്‍ 31ന് മൂന്നാറിലേക്കായിരുന്നു ആദ്യയാത്ര. വിനോദയാത്ര നടത്താനുള്ള ആശയം ലഭിച്ചതും മലപ്പുറത്തുനിന്നായിരുന്നു. ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്നായി ഇക്കാലയളവില്‍ 502 യാത്രകളാണ് നടത്തിയത്.
മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള നോര്‍ത്ത് സോണില്‍ വിനോദയാത്രയിലൂടെ ഇക്കാലയളവില്‍ എട്ട് കോടിയുടെ വരുമാനമാണ് ലഭിച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളാണ് കൂടുതല്‍ യാത്ര നടത്തിയത്. ചുരുങ്ങിയ ചെലവില്‍ സുരക്ഷിതയാത്ര ചെയ്യാമെന്നതാണ് കെ.എസ്.ആര്.ടി.സിയുടെ ആകര്‍ഷണം. മലപ്പുറം ഡിപ്പോയില്‍നിന്നുള്ള മൂന്നാര്‍, മലക്കപ്പാറ യാത്രകള്‍ ഇതുവരെ മുടങ്ങിയിട്ടില്ല.
മാമലക്കണ്ടം വഴിയാണ് മൂന്നാര്‍ യാത്ര നടത്തുന്നതെന്നത് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. കാടിനെ അറിഞ്ഞുള്ള കൂടുതല്‍ യാത്രകളും മലപ്പുറത്തുനിന്ന് തുടക്കമിട്ടിട്ടുണ്ട്. സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക് ആരംഭിച്ച പുതിയ യാത്രയും സഞ്ചാരികള്‍ക്കിടയില്‍ ഹിറ്റാണ്. പറമ്പിക്കുളം കടുവസങ്കേതത്തിലേക്കും നെല്ലിയാമ്പതിയിലേക്കുമുള്ള യാത്രക്കും ഉടന്‍ തുടക്കംകുറിക്കും. കേരളത്തിലെ ഏത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആവശ്യാനുസരണം പാക്കേജുകളും കെ.എസ്.ആര്.ടി.സി നടത്തുന്നുണ്ട്.
വള്ളംകളി കാണാനും അവസരം
മലപ്പുറം: നെഹ്റു ട്രോഫി വള്ളംകളി കാണാനും കെ.എസ്.ആര്.ടി.സി യാത്രസൗകര്യമൊരുക്കുന്നു. ഈ മാസം 12ന് പുലര്‍ച്ച പുറപ്പെട്ട് വൈകീട്ട് തിരികെ വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. വള്ളംകളി കാണാനുള്ള ഗാലറി ടിക്കറ്റും കെ.എസ്.ആര്.ടി.സി നല്‍കും. സഞ്ചാരികള്‍ക്ക് ആവശ്യാനുസരണം 500, 1000 രൂപയുടെ ടിക്കറ്റ് തിരഞ്ഞെടുക്കാം. ഫോണ്‍: 9446389823, 9995726885.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.