പാലായിൽനിന്ന് തിരൂർ വഴി മാനന്തവാടി സർവിസുമായി കെ.എസ്.ആർ.ടി.സി
text_fieldsതിരൂർ: തിരൂരിൽനിന്നുള്ള യാത്രക്കാരുടെ ഏറെകാലത്തെ ആവശ്യമായ തിരൂരിൽനിന്ന് തൃശൂരിലേക്ക് കെ.എസ്.ആർ.ടി.സി സർവിസിന് ആരംഭിക്കണമെന്നതിന് താൽക്കാലിക ആശ്വാസവുമായി കെ.എസ്.ആർ.ടി.സി. പാലായിൽനിന്ന് മാനന്തവാടിയിലേക്ക് വെള്ളിയാഴ്ച മുതൽ ആരംഭിച്ച സർവിസ് തൃശൂർ, തിരൂർ വഴി റൂട്ടാക്കിയാണ് പരിഹാരം കണ്ടെത്തിയത്. പാലാ ഡിപ്പോ ഓപറേറ്റ് ചെയ്യുന്ന ഈ സർവിസ് പുലർച്ച നാലിന് പാലായിൽനിന്ന് പുറപ്പെട്ട് തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി വഴി തൃശൂരിലെത്തി തുടർന്ന് വാടാനപ്പള്ളി, ചാവക്കാട്, പൊന്നാനി വഴി 9.30ഓടെ തിരൂരിൽ എത്തും. തിരൂരിൽനിന്നും താനൂർ, പരപ്പനങ്ങാടി, കോഴിക്കോട്, കുറ്റ്യാടി വഴി ആയിരിക്കും മാനന്തവാടിയിലേക്ക് പോകുക. വൈകീട്ട് ആറുമണിക്കാണ് മാനന്തവാടിയിൽനിന്ന് തിരിക്കുന്നത്. തിരൂർ, വാടാനപ്പള്ളി, തൃശൂർ വഴി തന്നെയാണ് മടക്കയാത്രയും. തിരൂരിൽനിന്ന് തിരുനാവായ, കുറ്റിപ്പുറം, എടപ്പാൾ വഴി തൃശൂർ ഭാഗത്തേക്ക് സർവിസ് വേണമെന്നാണ് യാത്രക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും വാടാനപ്പള്ളി വഴിയാണ് കെ.എസ്.ആർ.ടി.സി സർവിസ് അനുവദിച്ചത്.
കോഴിക്കോട്ടുനിന്നും തിരൂർ, കുറ്റിപ്പുറം വഴി തൃശൂർ ഭാഗത്തേക്ക് സർവിസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പുനൽകിയിട്ട് വർഷം ഒന്ന് പിന്നിട്ടെങ്കിലും ഇതുവരെ സർവിസ് ആരംഭിച്ചിട്ടുമില്ല. യാത്രക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഈ ആവശ്യം ഉന്നയിച്ചു നിരവധി തവണ ജനപ്രതിനിധികളെ കണ്ടെങ്കിലും യാതൊരു ഗുണവും ഉണ്ടായില്ല. നിലവിൽ തീരപ്രദേശങ്ങളിൽനിന്ന് തൃശൂർ, ചാലക്കുടി, അങ്കമാലി, മൂവാറ്റുപുഴ, തൊടുപുഴ, പാലാ ഭാഗത്തേക്ക് സ്വകാര്യ ബസുകളും സർവിസ് നടത്തുന്നില്ല.
ഇതിനാൽ ഈ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് ഈ സർവിസ് ഏറെ അനുഗ്രഹമായിരിക്കും.
ജില്ലയുടെ തീരദേശ മേഖലകളിൽ നിന്നും നിരവധി വിദ്യാർഥികളാണ് പാലാ-തൊടുപുഴ മേഖലകളിൽ പഠിക്കുന്നത്. നിലവിൽ തൃശൂരിലേക്ക് ബസിൽ യാത്ര ചെയ്യാൻ കുറ്റിപ്പുറത്തോ, ചങ്കുവെട്ടിയിലോ എത്തണം. രാത്രിയാണ് യാത്രയെങ്കിൽ ഇവരെല്ലാം നിലവിൽ കൂടുതൽ പണം കൊടുത്ത് ഓട്ടോയുടെയോ മറ്റാേ സഹായങ്ങൾ തേടണം.
കോഴിക്കോട് ഭാഗത്തുനിന്ന് തിരൂർ, തിരുനാവായ, കുറ്റിപ്പുറം, തൃശൂർ ബന്ധിപ്പിച്ച് കൂടുതൽ സർവിസുകൾ ആരംഭിക്കണമെന്നും നിലവിലെ പാലാ-മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ സർവിസിന് ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.