അവർ പറന്നിറങ്ങി, മേഘങ്ങൾക്കിടയിൽ സ്വപ്നങ്ങളും കണ്ട്...
text_fieldsമലപ്പുറം: കരിപ്പൂരിൽനിന്ന് യാത്ര തുടങ്ങി ബംഗളൂരുവിൽ ഇറങ്ങി കാഴ്ചകൾ കണ്ട് രാത്രിയോടെ അവർ മടങ്ങി. മലപ്പുറം സിവിൽ സ്റ്റേഷൻ കാന്റീനിലെ കഫേ കുടുംബശ്രീയുടെ മുപ്പത്തഞ്ചോളം ജീവനക്കാരാണ് തങ്ങളുടെ ആദ്യത്തെ വിമാനയാത്ര നടത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചതന്നെ സംഘം കരിപ്പൂരിലെത്തിയിരുന്നു. തുടർന്ന് വിമാനത്താവളത്തിനകമെല്ലാം ചുറ്റിക്കണ്ടു. പുലർച്ച 6.45ന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കയറിയ ഇവർ 8.20ന് ബംഗളൂരുവിലെത്തി.
തുടർന്ന് യാത്ര ഏജൻസി വഴി ബന്നാർഘട്ട ദേശീയ പാർക്ക്, ഇൻഡസ്ട്രിയൽ ആൻഡ് ബയോ കെമിക്കൽ മ്യൂസിയം, ലാൽബാഗ് തുടങ്ങിയവ സന്ദർശിച്ചു. കെ.എസ്.ആർ.ടി.സി ബസിലായിരുന്നു മടക്കയാത്ര. ട്രെയിൻ യാത്ര ഇതുവരെ നടത്താത്തവർ തങ്ങളുടെ കൂട്ടത്തിൽ ഉണ്ടെന്നും അടുത്ത യാത്ര ട്രെയിനിലാക്കാനാണ് എല്ലാവർക്കും ആഗ്രഹമെന്നും കാന്റീൻ മാനേജർ രതീഷ് അമ്പാടി പറഞ്ഞു. ഏറെക്കാലത്തെ സ്വപ്നസാക്ഷാത്കാരമാണ് ഇതിലൂടെ നിറവേറിയതെന്ന് കൂട്ടിലങ്ങാടി സ്വദേശി പുഷ്പലത പറഞ്ഞു. ചെറുപ്പത്തിൽ വിമാനം പറക്കുന്നത് കാണുമ്പോൾ കയറണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതാണ് നിറവേറിയതെന്ന് ഇരുമ്പുഴി സ്വദേശി പി. ഗീത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.