കുടുംബശ്രീ പദ്ധതി; ഗുണനിലവാരമില്ലാത്ത ബൾബുകൾ വാങ്ങിയവർ കുടുങ്ങി
text_fieldsകരുവാരകുണ്ട്: അയൽക്കൂട്ടങ്ങൾ വഴി ഗുണനിലവാരമില്ലാത്ത ബൾബുകൾ വിതരണം ചെയ്ത് നിരവധി കുടുംബങ്ങളെ കബളിപ്പിച്ചതായി പരാതി. ഉപയോഗശൂന്യമായ ബൾബുകൾ സി.ഡി.എസ് ഓഫിസിലെത്തിച്ച് കുടുംബങ്ങൾ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വകാര്യ കമ്പനിയുമായി ചേർന്ന് കുടുംബശ്രീയുണ്ടാക്കിയ കരാർ പ്രകാരം കഴിഞ്ഞ ഏപ്രിലിലാണ് വൈദ്യുതി നിലച്ചാലും കത്തുന്ന ഇൻവെർട്ടർ എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തത്. ഒന്നിന് 200 രൂപയായിരുന്നു വില. ഒരു വർഷം വാറന്റിയുണ്ടായിരുന്നു.
മുൻകൂട്ടി തുക വാങ്ങി എ.ഡി.എസ് വഴിയാണ് അയൽക്കൂട്ടം അംഗങ്ങൾക്ക് ബൾബുകൾ നൽകിയത്. പല കുടുംബങ്ങളും ഒന്നിലധികം വാങ്ങി. വാർഡുകളിൽ 100 മുതൽ 150 വരെ ബൾബുകളാണ് വിറ്റഴിഞ്ഞത്. പഞ്ചായത്തിൽ 2500ഓളം ബൾബുകൾ വിൽക്കപ്പെട്ടു. എന്നാൽ, ഉപയോഗിച്ച് രണ്ടുദിവസംകൊണ്ടുതന്നെ ഇവ തകരാറിലായി. നാലുമാസം പിന്നിട്ടപ്പോൾ 80 ശതമാനവും ഉപയോഗശൂന്യമായി. കുടുംബങ്ങൾ പരാതിയുമായി എത്തിയപ്പോൾ ബൾബ് വിതരണം ചെയ്ത കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം കുടുംബശ്രീ അധികൃതർ അറിയുന്നത്.
മാറ്റിക്കിട്ടാതായതോടെ ബൾബുകൾ എ.ഡി.എസിന്റെ വീടുകളിലെത്തിച്ച് ആളുകൾ പ്രതിഷേധിച്ചു. എ.ഡി.എസുമാർ ഇവ സി.ഡി.എസ് ഓഫിസിലുമെത്തിച്ചു. കുടുംബശ്രീ മിഷന്റെയോ ഗ്രാമപഞ്ചായത്തിന്റെയോ അറിവില്ലാതെയാണ് ലക്ഷങ്ങളുടെ പദ്ധതി നടപ്പാക്കിയത്.
കബളിപ്പിക്കപ്പെട്ടതോടെ കുടുംബശ്രീ അധ്യക്ഷ ബിന്ദു ജോസ് പൊലീസിൽ പരാതി നൽകി. എന്നാൽ, ഇവർ കരാർപത്രമോ വാറന്റി കാർഡുകളോ പോലും ഏജൻസിയിൽനിന്ന് വാങ്ങാത്തതിനാൽ പൊലീസിന് ഒന്നും ചെയ്യാനില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.