കുടുംബശ്രീ ‘സ്നേഹിത’ 10 വര്ഷം പിന്നിടുന്നു
text_fieldsമലപ്പുറം: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക് പദ്ധതിയായ ‘സ്നേഹിത’ 10 വർഷം പിന്നിടുന്നു. ഇതിനകം ആയിരക്കണക്കിന് സ്ത്രീകൾക്കാണ് പദ്ധതി ആശ്വാസമായത്. പദ്ധതി തുടങ്ങി ഈ വർഷം ജൂൺ വരെ ജില്ലയിൽ 4075 കേസുകൾ സ്നേഹിത വഴി രജിസ്റ്റർ ചെയ്തു. ഇതിൽ 602 പേർക്ക് സ്നേഹിത താൽക്കാലിക അഭയം നൽകി. വർഷങ്ങളായി പലവിധ പീഡനം സഹിച്ചവരാണ് സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലേക്ക് വിളിക്കുന്നത്. 203 പരാതികളാണ് ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 36 പേർക്ക് താൽക്കാലിക അഭയം നൽകി.
പരാതികളിൽ ഏറെയും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. സ്നേഹിതയുടെ സേവനം ആവശ്യപ്പെട്ട് വരുന്നവർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ 11 പേരാണുള്ളത്. നിയമ പിന്തുണ, കൗൺസലിങ്, താൽക്കാലിക താമസം ഉൾപ്പെടെ സേവനങ്ങൾ നൽകിക്കൊണ്ട് 24 മണിക്കൂറും സ്നേഹിത പ്രവർത്തിക്കുന്നുണ്ട്. ലിംഗനീതി ലക്ഷ്യമിട്ടുള്ള വിവിധ പഠനപ്രക്രിയകളും അവബോധ പ്രവർത്തനങ്ങളും സ്നേഹിത നടത്തുന്നുണ്ട്. ‘സ്നേഹിത@സ്കൂൾ / കോളജ്’ വഴി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അരക്ഷിതാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് സാമൂഹിക പങ്കാളിത്തം ഉറപ്പാക്കി പിന്തുണ നൽകുന്നു. ലിംഗ സമത്വത്തിനായി നിലകൊള്ളുന്ന യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ജൻഡർ ക്ലബുകളും പ്രവര്ത്തിച്ചുവരുന്നുണ്ട്.
24 മണിക്കൂറും സൗജന്യ സേവനം, കൗൺസലിങ് ആൻഡ് ടെലി കൗൺസലിങ്, നിയമപിന്തുണ, താൽക്കാലിക അഭയം, പുനരധിവാസ സഹായം, കുടുംബശ്രീ സംഘടന സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കൽ, ബോധവത്കരണ ക്ലാസുകൾ, അതിജീവന ഉപജീവന പിന്തുണ സഹായങ്ങൾ തുടങ്ങിയ സേവനങ്ങളാണ് സ്നേഹിത ഉറപ്പുനൽകുന്നത്. സ്നേഹിതയുടെ ടോൾ ഫ്രീ നമ്പർ: 18004256864.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.