പാലിയേറ്റിവ്, ഭിന്നശേഷി പദ്ധതികൾ ഒരു കുടക്കീഴിലാക്കാൻ കുടുംബശ്രീ
text_fieldsമലപ്പുറം: സാന്ത്വന പരിചരണ-ഭിന്നശേഷി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കുടുംബശ്രീ ജില്ല മിഷൻ. ഇതിന്റെ ഭാഗമായി ഫെബ്രുവരി 23 മുതൽ 28വരെ വിവിധ ബ്ലോക്കുകളിൽ കുടുംബശ്രീ, ആരോഗ്യവകുപ്പ്, പാലിയേറ്റീവ് യൂനിറ്റുകൾ എന്നിവയുടെ സംയുക്ത യോഗങ്ങൾ ചേരുമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത് അറിയിച്ചു.
കൂട്ടായ പ്രവർത്തനത്തിലൂടെ കിടപ്പുരോഗികൾക്കും മാനസികവെല്ലുവിളി നേരിടുന്നവർക്കും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ‘ഹൃദ്യ’എന്ന പദ്ധതിയുടെ ഭാഗമായി 300 പേർക്ക് പാലിയേറ്റീവ് വളണ്ടിയർ പരിശീലനം നൽകും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്സ്സ്കൂൾ തുടങ്ങും.
നിലവിൽ 64 ഇടത്താണ് ബഡ്സ് സ്കൂൾ ഉള്ളത്. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് തെറാപ്പി ഉപകരണങ്ങളും രക്ഷിതാക്കൾക്കും മുതിർന്ന വിദ്യാർഥികൾക്കും തൊഴിലും ലഭ്യമാക്കും. പാലിയേറ്റീവ് രോഗികൾക്കും അതിദരിദ്രർക്കും മറ്റും അടിയന്തിര സഹായം എത്തിക്കാൻ കുടുംബശ്രീ പ്രത്യേകം ഫണ്ട് സ്വരൂപിക്കും.
കലക്ടറുടെ നിർദേശപ്രകാരം ചേർന്ന ജില്ലതല ഉദ്യോഗസ്ഥ യോഗമാണ് വിവിധ പദ്ധതികൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചത്. ആശ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, പാലിയേറ്റീവ് പ്രവർത്തകർ, കുടുംബശ്രീ എന്നിവർ യോജിച്ചുകൊണ്ട് പാലിയേറ്റീവ് പ്രവർത്തനം നടത്തും. വാർത്തസമ്മേളനത്തിൽ ജില്ല പ്രോഗ്രാം മാനേജർമാരായ കെ.എസ്. ഹസ്കർ, പി. റൂബിരാജ്, റിസ്വാന ഹബീബ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.