പോഷകസമൃദ്ധ മലപ്പുറം ഒരുക്കാൻ കുടുംബശ്രീ
text_fieldsമലപ്പുറം: കുടുംബത്തിന്റെ പൂർണ പോഷക ആവശ്യങ്ങൾക്കായി ജൈവ കാർഷിക ഉദ്യാനങ്ങൾ ഓരോ ഭവനത്തിലും സജ്ജീകരിക്കാൻ ലക്ഷ്യമിട്ട് വീടുകളിൽ ജൈവ പച്ചക്കറി, ഫലവൃക്ഷ കൃഷിയിടം ഒരുക്കുന്ന പദ്ധതിയാണ് അഗ്രിന്യൂട്രി ഗാർഡൻ. പോഷക സമൃദ്ധവും വിഷമുക്തവുമായ പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലൂടെ ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുകയും ആളുകൾക്ക് അധിക വരുമാനം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ മുഴുവൻ വാർഡുകളിലും 50 വീതം വീടുകളിൽ പദ്ധതി നടപ്പാക്കാനാണ് ജില്ല മിഷൻ ഉദ്ദേശിക്കുന്നത്. 70,000ഓളം കുടുംബങ്ങൾ നിലവിൽ പദ്ധതിയുടെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കുറഞ്ഞത് മൂന്ന് സെന്റ് മുതലുള്ള പ്ലോട്ടുകളിൽ ആറ് ഇനം പച്ചക്കറികളും രണ്ട് ഇനം ഫലവൃക്ഷ തൈകളുമാണ് കൃഷി ചെയ്യുന്നത്. രജിസ്ട്രേഷന് പൂർത്തിയാക്കിയവർക്ക് മികച്ച ഇനം പച്ചക്കറി വിത്തുകൾ കുടുംബശ്രീ മുഖേന സൗജന്യമായി നവംബർ ആദ്യവാരത്തോടെ നൽകും. കുടുംബശ്രീയുടെ ജൈവിക പ്ലാനേഴ്സറികളിൽ നിന്നാണ് ജില്ലയിൽ പദ്ധതിയുടെ ആവശ്യത്തിനുള്ള വിത്തുകൾ ഉൽപാദിപ്പിക്കുന്നതും വിതരണം നടക്കുന്നതും. തൈകളുടെ പരിപാലനം, ശാസ്ത്രീയമായ കൃഷി രീതി, വളപ്രയോഗം, വിളവെടുപ്പ്, വിപണനം തുടങ്ങിയ വിഷയങ്ങളിൽ പദ്ധതി ഉപഭോക്താക്കൾക്ക് കുടുംബശ്രീ പരിശീലനം നൽകും. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഉടനീളം 45 മാതൃക കൃഷിയിടങ്ങൾ സൃഷ്ടിക്കുകയും തരിശിടങ്ങൾ കൃഷിഭൂമിയാക്കി മാറ്റുമെന്നും പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും ഉൾപ്പെടുന്ന അഗ്രി ഫെസ്റ്റ് നവംബറിൽ നടത്തുമെന്നും കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കക്കൂത്ത് അറിയിച്ചു.
സബ്സിഡി നിരക്കിൽ 20 കോടിയുടെ കാർഷിക ഉപകരണങ്ങൾ നൽകും
മലപ്പുറം: കാർഷിക മേഖലയിൽ അത്യാധുനിക യന്ത്രങ്ങൾ ഉപയോഗപ്പെടുത്തി നാടിന്റെ കാർഷിക അഭിവൃദ്ധി ലക്ഷ്യമിട്ട് കുടുംബശ്രീ. ഇതിന്റെ ഭാഗമായി സബ്സിഡി നിരക്കിൽ 20 കോടി രൂപയുടെ കാർഷിക ഉപകരണങ്ങൾ നൽകും. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സബ്മിഷൻ ഓൺ അഗ്രിക്കൽച്ചറൽ മെക്കനൈസേഷൻ (സ്മാം) എന്ന പദ്ധതിയാണ് കുടുംബശ്രീ വഴി കർഷകരിലേക്ക് എത്തുന്നത്.
10 ലക്ഷം രൂപ വരെയുള്ള യന്ത്രങ്ങൾ 60-80 ശതമാനം വരെ സബ്സിഡി നിരക്കിൽ കർഷകർക്ക് വാങ്ങാൻ സാധിക്കും. കൊയ്ത്ത് യന്ത്രം, ട്രാക്ടർ മുതൽ വീട്ടിൽ ഉപയോഗിക്കാവുന്ന തോട്ടി, അറബാന വരെയുള്ള കാർഷിക, വിളവെടുപ്പാനന്തര വിള സംസ്കരണ മൂല്യവർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ പദ്ധതിയിലൂടെ കർഷകർക്ക് ലഭ്യമാകും. ഉപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം ആവശ്യമെങ്കിൽ തൊട്ടടുത്ത സഹകരണ സ്ഥാപനത്തിൽനിന്ന് കുടുംബശ്രീ മുഖാന്തരം ലഭ്യമാകും. agrimachinery.inc.in എന്ന വെബ്സൈറ്റിലൂടെയോ തൊട്ടടുത്ത കുടുംബശ്രീ സി.ഡി.എസ് ഓഫിസിലോ അക്ഷയ സെന്റർ വഴിയോ അപേക്ഷിക്കാം. കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വ്യക്തിഗതമായോ ഗ്രൂപ്പ് മാതൃകയിലോ പദ്ധതിയുടെ ഭാഗമാകാം. ഗ്രൂപ്പ് എന്ന നിലയിൽ അപേക്ഷിക്കുന്ന സംഘങ്ങൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തവരായിരിക്കണം. ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, കരമടച്ച് രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന രേഖകൾ. അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കുന്ന മുറക്ക് കർഷകർക്ക് അംഗീകൃത ഡീലർമാരിൽനിന്ന് കാർഷിക ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ നേരിട്ട് വാങ്ങാവുന്നതാണ്. കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത്, കാർഷിക വിഭാഗം അസി. എൻജിനീയർ ജീജ, ജില്ല സഹകരണ ജോയന്റ് രജിസ്ട്രാർ മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ചേർന്ന ഉന്നതതല യോഗത്തിലാണ് പദ്ധതി നടത്തിപ്പിന്റെ അന്തിമരൂപം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.