15,000 വനിതകളെ ‘പത്ത് കടത്താൻ’ കുടുംബശ്രീ
text_fieldsമലപ്പുറം: ജില്ലയിലെ 50 വയസ്സിനുതാഴെ പ്രായമുള്ള മുഴുവൻ സ്ത്രീകളെയും 10ാം ക്ലാസ് യോഗ്യതയുള്ളവരാക്കാൻ കുടുംബശ്രീ ‘യോഗ്യ’സാക്ഷരത പ്രോഗ്രാം. ജില്ലയിൽ പത്താം ക്ലാസ് തുല്യത നേടിയിട്ടില്ലാത്ത സ്ത്രീകളെ കുടുംബശ്രീ എ.ഡി.എസ് തലത്തിൽ സർവേ നടത്തി കെണ്ടത്തിയിരുന്നു.
സർവേയിൽ 18നും 50 വയസ്സിനും താഴെയുള്ള 15000 വനിതകൾ താൽപര്യം പ്രകടിപ്പിച്ചതായി കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കക്കൂത്ത് പറഞ്ഞു. അവരെ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാൻ സഹായിക്കുന്നതാണ് പദ്ധതി. കേരളത്തിൽ ആദ്യമായാണ് കുടുംബശ്രീയുടെ കീഴിൽ ഇത്തരമൊരു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി. കഴിഞ്ഞദിവസം വിവിധ വകുപ്പുമായി സംയോജിച്ച് പ്രവർത്തനങ്ങൾ നടപ്പാക്കാൻ കലക്ടറുടെ നിർദേശ പ്രകാരം യോഗം ചേർന്നിരുന്നു.
ആയിരങ്ങൾ യോഗ്യരാവും...
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിന്റെ പേരിൽ സ്ത്രീകൾ തൊഴിലിടങ്ങളിൽനിന്ന് അവഗണിക്കപ്പെടുന്ന സ്ഥിതി ഇല്ലാതാകും. സ്ത്രീകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കൂടുതൽ ദൃശ്യമായ തീരദേശമേഖല, പട്ടികജാതി-വർഗ കോളനികൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾക്ക് പദ്ധതി കൂടുതൽ ഈന്നൽ നൽകുന്നു. സംസ്ഥാന സാക്ഷരത മിഷനുമായി ചേർന്ന് മുൻകാലങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കിയ പദ്ധതികളുടെ തുടർച്ചയാണ് ഈ പദ്ധതി. രജിസ്ട്രേഷന്റെ അവസാന തീയതി മേയ് വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അതാത് മേഖലകളിലെ സി.ഡി.എസ് ഓഫിസുകളുമായി ബന്ധപ്പെടണം.
ഈ വർഷം എസ്.എസ്.എൽ.സിക്ക് 4000 പേർ, പ്ലസ് ടുവിന് 2000
പദ്ധതിയുടെ ഭാഗമായി ഈ വർഷം 4000 വനിതകൾ എസ്.എസ്.എൽ.സിയും 2000 പേർ പ്ലസ് ടു പരീക്ഷയും എഴുതും. രജിസ്റ്റർ ചെയുന്നവർക്ക് കോഴ്സിന്റെ ഭാഗമായി വരുന്ന എല്ലാ ഫീസുകളും കുടുംബശ്രീയുടെ കീഴിൽ വിവിധ സ്ഥാപനങ്ങളുടെയും സ്പോൺസർമാർ മുഖേനെയും കണ്ടെത്തും.
ജില്ലയിലെ 50 വയസ്സിന് താഴെ ഉള്ള മുഴുവൻ വനിതകൾക്കും പത്താം തരം, പ്ലസ് ടു വിദ്യാഭ്യാസം ലഭിക്കുക എന്നതിനോടൊപ്പം ബഡ്സ് വിദ്യാർഥികൾ, മറ്റു ഭിന്നശേഷിക്കാർ എന്നിവർക്ക് നാലാം തരം, ഏഴാം തരം തുല്യത നേടുന്നതിനും യോഗ്യ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കക്കൂത്ത്, ജില്ല പ്രോഗ്രോം മാനേജർ റൂബി രാജ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.