യുവതികൾക്ക് കുടുംബശ്രീ ‘ഷീ’ സ്റ്റാർട്ട്സപ്പുകൾ വരുന്നു
text_fieldsമലപ്പുറം: യുവതികളുടെ സംരംഭ ആശയങ്ങൾക്ക് ചിറക് നൽകാൻ കുടുംബശ്രീ സംരംഭ മേഖലയിലേക്ക്. 18നും 45 വയസ്സിനും ഇടയിൽ പ്രായമുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ് അംഗങ്ങൾക്ക് ഷീ സ്റ്റാർട്ട്സ് പദ്ധതിയിലൂടെ പാത തുറന്നിരിക്കുകയാണ് കുടുംബശ്രീ. കുടുംബശ്രീ രജതജൂബിലി ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളല്ലാത്ത യുവതികൾക്കുവേണ്ടി രൂപവത്കരിച്ചിട്ടുള്ള സംവിധാനമാണ് ഓക്സിലറി ഗ്രൂപ്. ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളായ യുവതികൾക്കാണ് ഷീ സ്റ്റാർട്ട്സ് പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാൻ സാധിക്കുന്നത്. വ്യക്തിഗതമായും മൂന്നുമുതൽ 10 വരെ അംഗങ്ങൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പായും സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. ആവശ്യമായ പരിശീലനം, ബിസിനസ് പ്രോജക്ട് സഹായം, കുടുംബശ്രീ യൂനിറ്റുകൾക്ക് ലഭ്യമാവുന്ന സാമ്പത്തിക സഹായങ്ങൾ എന്നിവയും ഇത്തരം സംരംഭങ്ങൾക്ക് ലഭിക്കും.
ഓരോ പഞ്ചായത്തിലെയും ഷീ സ്റ്റാർട്ട് പദ്ധതി വിലയിരുത്താനായി കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികൾ എല്ലാ മാസവും പദ്ധതി പ്രവർത്തനം വിലയിരുത്തും.താൽപര്യമുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ് അംഗങ്ങൾക്ക് സി.ഡി.എസിൽ പേര് രജിസ്റ്റർ ചെയ്ത് ജനറൽ ഓറിയന്റേഷൻ ട്രെയിനിങ്ങിൽ പങ്കെടുക്കാം. നിലവിൽ ഓക്സിലറി ഗ്രൂപ് അംഗമല്ലാത്ത, യുവതികൾക്ക് ഓക്സിലറി ഗ്രൂപ്പിൽ അംഗമായതിനു ശേഷം സംരംഭമേഖലയിലേക്ക് ചുവടുവെക്കാം. പ്രാരംഭഘട്ടത്തിൽ ഓരോ സി.ഡി.എസിലും ചുരുങ്ങിയത് അഞ്ച് സംരംഭങ്ങൾ തുടങ്ങും. അഭ്യസ്തവിദ്യരായ ഓക്സിലറി അംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതുകൊണ്ട് തന്നെ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സംരംഭങ്ങൾക്ക് മുൻഗണന നൽകുമെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.