ഡി.ടി.പി.സി സഹകരിക്കില്ല: മിനി പമ്പയിൽ സൗകര്യമൊരുക്കുന്നതിൽ ആശയക്കുഴപ്പം നീങ്ങിയില്ല
text_fieldsകുറ്റിപ്പുറം: മിനി പമ്പയിൽ ശബരിമല തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിൽ പൂർണമായി സഹകരിക്കാൻ കഴിയില്ലെന്ന് ഡി.ടി.പി.സി അധികൃതർ വ്യക്തമാക്കി. ഇതോടെ വിഷയത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
എല്ലാ വർഷവും മിനി പമ്പയിൽ ഡി.ടി.പി.സി നേതൃത്വത്തിലാണ് പൂർണമായും ഫണ്ട് ചെലവഴിച്ച് സൗകര്യങ്ങൾ ഒരുക്കാറുള്ളത്. ഡി.ടി.പി.സിയുടെ തനത് ഫണ്ട് ചെലവഴിച്ചാണ് നടത്താറുള്ളത്. ഈ വകയിൽ 2018 മുതൽ 49 ലക്ഷം രൂപ ദേവസ്വം ബോർഡ് ഡി.ടി.പി.സിക്ക് നൽകാനുണ്ട്. മുൻകാലങ്ങളിൽ നടന്ന ഓഡിറ്റിങ്ങിൽ പണം ചെലവഴിച്ചതിൽ വീഴ്ച കണ്ടെത്തിയിരുന്നു. ഇക്കാരണങ്ങൾകൊണ്ട് ഇത്തവണ പൂർണമായി സഹകരിക്കാൻ കഴിയില്ലെന്ന് ഡി.ടി.പി.സി അറിയിച്ചു.
തവനൂർ എം.എൽ.എയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മിനി പമ്പയിൽ സൗകര്യമൊരുക്കുന്നതിന്റെ ചുമതല തവനൂർ പഞ്ചായത്ത് വഹിക്കേണ്ടിവരും. അതേസമയം, തവനൂർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ യോഗത്തിൽ സംബന്ധിച്ചിരുന്നില്ല. അസി. സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. പഞ്ചായത്തിന് ഇത്രയും ഫണ്ട് ചെലവഴിക്കാൻ കഴിയുമോ എന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്.
പരിമിത സൗകര്യങ്ങളൊരുക്കുമെന്ന് യോഗതീരുമാനം
കുറ്റിപ്പുറം: മിനി പമ്പയിൽ പരിമിതമായ സൗകര്യങ്ങൾ ഒരുക്കാൻ കെ.ടി. ജലീൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. കുറ്റിപ്പുറം -എടപ്പാൾ സംസ്ഥാന പാതയിലെ റോഡരിക് കൈയേറിയുള്ള വഴിയോര കച്ചവടങ്ങൾ പൂർണമായും ഒഴിപ്പിച്ച് കുറ്റിക്കാടുകൾ വെട്ടിയൊതുക്കി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കും. വിരിവെക്കാനും വിശ്രമിക്കാനും കുടിവെള്ളത്തിനും മല്ലൂർ ക്ഷേത്രത്തിന് ഉള്ളിൽ സൗകര്യം കണ്ടെത്താനും തീരുമാനമായി. കടവിൽ മണൽചാക്ക് ഒരുക്കിയും സുരക്ഷവേലി സ്ഥാപിച്ചും കുളിക്കാൻ സൗകര്യം ഒരുക്കുന്നതിനൊപ്പം വെളിച്ച സംവിധാനങ്ങളും ഒരുക്കും.
ഇത്തവണ ഡി.ടി.പി.സിയുടെ പൂർണ സഹകരണം ഉണ്ടാകില്ല. ഇതുകാരണം തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ തുക ചെലവഴിക്കേണ്ടിവരും. അഗ്നിരക്ഷസേന, പൊലീസ്, ഡോക്ടർ, ലൈഫ് ഗാർഡ് എന്നിവരുടെ സേവനം 24 മണിക്കൂറും സ്ഥലത്ത് ലഭ്യമാക്കും. ഇതിനായുള്ള സൗകര്യങ്ങൾ മാത്രമാണ് ഡി.ടി.പി.സി ഒരുക്കുക. എന്നാൽ, മണ്ഡലകാലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നത് പ്രഹസനം മാത്രമാണെന്ന് സേവാഭാരതി പ്രവർത്തകർ കുറ്റപ്പെടുത്തി.
യോഗത്തിൽ കെ.ടി. ജലീൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.ഡി.എം മെഹറലി, ഡെപ്യൂട്ടി കലക്ടർ ടി. മുരളി, ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്രൻ, ഡെപ്യൂട്ടി തഹസിൽദാർ ടി. സുകേഷ്, എൻ.എച്ച് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.