ടി.വിയുണ്ട്; വൈദ്യുതിയില്ല 'ഹൈടെക്കാ'ണ് അംഗൻവാടി
text_fieldsകുറ്റിപ്പുറം: ടി.വിയുണ്ട്, വൈദ്യുതിയില്ല. ഇരുട്ടിലാണ് കുരുന്നുകൾ. കുറ്റിപ്പുറം പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന 72ാം നമ്പർ ഹൈടെക് അംഗൻവാടിയുടെ അവസ്ഥയാണിത്. വർഷങ്ങളോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച പൈങ്കണൂർ പ്രദേശത്തെ അംഗൻവാടിക്ക് സ്വന്തം കെട്ടിടമായിട്ടും വെള്ളവും വെളിച്ചവും ഇല്ലാത്തത് കരുന്നുകളെ ദുരിതത്തിലായിരിക്കുകയാണ്. 2019ലാണ് ഹൈടെക് അംഗൻവാടി എന്ന പേരിൽ കെട്ടിടം നിർമിച്ചത്. കുറ്റിപ്പുറം ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഫണ്ട് വകയിരുത്തിയാണ് കെട്ടിടം പണിതത്.
വൈദ്യുതി കണക്ഷനും കുടിവെള്ള സൗകര്യവും ഒരുക്കുന്നതിന് മുമ്പ് കെട്ടിടം ഉദ്ഘാടനം ചെയ്ത് അംഗൻവാടിയുടെ പ്രവർത്തനം ആരംഭിച്ചു. പിന്നീട് കോവിഡിനെ തുടർന്ന് അംഗൻവാടി പ്രവർത്തിച്ചിരുന്നില്ല. ഒരു ഇടവേളക്കുശേഷം അംഗൻവാടിയുടെ പ്രവർത്തനം പുനരാരംഭിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്കായില്ല. കെട്ടിടോദ്ഘാടന സമയത്ത് ടി.വി വാങ്ങി നൽകിയെങ്കിലും വൈദ്യുതിയില്ലാത്തത് കാരണം ഇതുവരെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അംഗൻവാടിയിലേക്കുള്ള വഴിയും ദുഷ്കരമാണ്. കാടുമൂടി കിടക്കുന്ന വഴിയിൽ ഇഴജന്തുകളുടെ ശല്യമുണ്ടെന്നാണ് പരാതി. ഇതു കാരണം കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കാൻ രക്ഷിതാക്കൾ മടി കാണിക്കുന്നു.
30ഓളം കുട്ടികൾ ഉണ്ടായിരുന്ന അംഗൻവാടിയിൽ നിലവിൽ 10 താഴെയുള്ളവർ മാത്രമേ വരുന്നുള്ളൂ. കുറ്റിപ്പുറം പഞ്ചായത്തിലെ എട്ട്, 10 വാർഡുകളിലുളള കുട്ടികളാണ് അംഗൻവാടിയെ ആശ്രയിക്കുന്നത്. പലയിടങ്ങളിലും എ.സി സൗകര്യം അടക്കം ഒരുക്കിയിരിക്കുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലൊരു അംഗൻവാടി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.