ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെ സംഘർഷം; പൊലീസിനെതിരെ പരാതി
text_fieldsകുറ്റിപ്പുറം: ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെ സംഘർഷമുണ്ടായതിൽ പൊലീസിനെതിരെ പരാതി. വരവ് സംഘങ്ങളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. കൃത്യസമയത്ത് വരവുകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ മൂന്നുതവണ പൊലീസ് ലാത്തിവീശി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
അതേസമയം, പൊലീസ് അനാവശ്യമായും പ്രകോപനപരമായും പെരുമാറി സംഘർഷാവസ്ഥ സൃഷ്ടിച്ചെന്ന പരാതിയുമായി ക്ഷേത്രം ട്രസ്റ്റി ഭാരവാഹികളും ഡി.വൈ.എഫ്.ഐ പ്രവർത്തകരും രംഗത്തെത്തി. വിവിധ കലാരൂപങ്ങളുമായി എത്തിയ വരവ് കമ്മിറ്റി അംഗങ്ങളെയും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ നാട്ടുകാരെയും കുട്ടികളെയും അടക്കം പൊലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മർദിച്ചെന്നാണ് പരാതി.
വരവുകൾ വന്ന സമയത്ത് മൂടാൽ ഭാഗത്തുവെച്ച് പ്രത്യേക ഡ്യൂട്ടിക്കെത്തിയ ആർ.ആർ.എഫുകാരും തെറ്റായ നടപടികളിലൂടെ പ്രശ്നം വഷളാക്കിയെന്നും രമ്യതയിൽ തീർക്കേണ്ട പ്രശ്നം പൊലീസ് ജനങ്ങളെ തല്ലിിയതിലൂടെ രൂക്ഷമാക്കിയെന്നുമാണ് ഭാരവാഹികൾ ആരോപിക്കുന്നത്. തുടർന്ന് ശാലുമേനോന്റെ നൃത്ത പരിപാടി നടത്താൻ അനുവദിക്കാതെ ക്ഷേത്രം ഉടൻ അടക്കണമെന്ന് എസ്.ഐ ഉത്തരവിട്ടതായും ഭാരവാഹികൾ ആരോപിച്ചു.
സംഭവത്തിൽ ആഭ്യന്തര മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും ശക്തമായ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയതായി ഡി.വൈ.എഫ്.ഐ കുറ്റിപ്പുറം മേഖല കമ്മിറ്റി അറിയിച്ചു. അതേസമയം, കഴിഞ്ഞ വർഷം ഉത്സവത്തിനിടെയുണ്ടായ ചില സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.