മിനിപമ്പയിൽ ഭക്തർ എത്തിത്തുടങ്ങി; സൗകര്യമില്ലാത്തതിനാൽ ഉദ്യോഗസ്ഥർ മടങ്ങി
text_fieldsകുറ്റിപ്പുറം: മണ്ഡലകാലം ആരംഭിച്ചതോടെ കുറ്റിപ്പുറം മിനിപമ്പയിൽ അയ്യപ്പഭക്തർ എത്തിത്തുടങ്ങി. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നൽകിയെങ്കിലും ഇതുവരെ ഒരു സൗകര്യവുമൊരുക്കാത്തത് കാരണം ഇവർ മടങ്ങി. പൊലീസ്, ആരോഗ്യ വകുപ്പ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കാണ് ഡ്യുട്ടി നൽകിയത്. ഇതിൽ എട്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് വെളളിയാഴ്ച ഡ്യുട്ടിക്ക് എത്തിയത്.
ശബരിമല യാത്രാമധ്യേയുള്ള കുറ്റിപ്പുറം മിനിപമ്പയിൽ, അയ്യപ്പ ഭക്തർക്ക് വർഷങ്ങളായി സുരക്ഷയൊരുക്കുന്നത് ജില്ലയിലെ ഫയർ സർവിസ് ഉദ്യോഗസ്ഥരാണ്. ആറ് ടേണുകളിലായി പത്ത് പേരടങ്ങുന്ന ജീവനക്കാർ അറുപത് ദിവസത്തോളമാണ് ഇവിടെ രാപകൽ വ്യത്യാസമില്ലാതെ ജോലി നോക്കുന്നത്. എന്നാൽ വെള്ളിയാഴ്ച ആരംഭിച്ച സ്റ്റാൻഡ് ബൈ ജോലിക്കെത്തിയ ജീവനക്കാരും ജീവൻ രക്ഷാ ഉപകരണങ്ങളടങ്ങിയ വാഹനങ്ങളും പൊരിവെയിലിൽ നിൽക്കേണ്ട അവസ്ഥയാണുണ്ടായത്.
ജീവനക്കാർക്ക് ഇരിക്കാനോ വിശ്രമിക്കാനോ താൽക്കാലിക ഷെഡോ പ്രാഥമിക കർമ്മങ്ങൾക്കും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങളോ ഒന്നും തന്നെ അധികാരികൾ തയാറാക്കിയിട്ടില്ല. പൊരിവെയിലിൽ നിന്നുമടുത്ത ജീവനക്കാർ അടുത്തുള്ള പൊന്നാനി നിലയത്തിലേക്ക് മാറാനുള്ള നിർദേശത്തെ തുടർന്ന്, ഇപ്പോൾ അവിടെയാണുള്ളത്. എന്നാൽ മിനിപമ്പയിൽ ഭക്തർക്ക് എന്തെങ്കിലും അപകടം നടന്നാൽ സ്ഥലത്തില്ലാത്തതിന് ഫയർഫോഴ്സ് പഴി കേൾക്കുകയും ചെയ്യും.
മുൻ വർഷവും ഇതേ അനുഭവമാണ് മിനിപമ്പയിൽ ജീവനക്കാർ നേരിടേണ്ടി വന്നത്. പൊട്ടിയൊലിച്ച കക്കൂസ് മാലിന്യത്തിന് മുകളിൽ കെട്ടിയ താൽക്കാലിക ഷെഡിൽ മൂക്ക് പൊത്തി വിശ്രമിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. കുറെ കഴിഞ്ഞാണ് കഴിഞ്ഞ തവണയും താൽക്കാലിക ഷെഡ് വരെ നിർമിച്ച് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.