ഒരു മാസത്തിനിടെ മൂന്നു കൊലപാതകങ്ങൾ; സുരക്ഷിതരല്ലാതെ വയോധികർ
text_fieldsകുറ്റിപ്പുറം: ഒറ്റക്ക് താമസിക്കുന്ന വയോധികർ കൊല്ലപ്പെടുന്നത് തുടർക്കഥയാകുന്നു. ഒരു മാസത്തിനിടെ ജില്ലയിൽ സമാനരീതിയിലുള്ള മൂന്ന് കൊലപാതകങ്ങളാണ് അരങ്ങേറിയത്. ഏറ്റവും ഒടുവിൽ മങ്കട രാമപുരത്ത് ഒറ്റക്ക് താമസിച്ച ആയിഷയെ (75) ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സമാനമായ കൊലപാതങ്ങൾ കഴിഞ്ഞ മാസം 18ന് കുറ്റിപ്പുറം നടുവട്ടം, 20ന് തവനൂർ കടകശ്ശേരി എന്നിവിടങ്ങളിൽ സംഭവിച്ചിരുന്നു.
കുറ്റിപ്പുറം നടുവട്ടത്ത് ഒറ്റക്ക് താമസിച്ചിരുന്ന കുഞ്ഞിപ്പാത്തുമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ അയൽവാസിയായ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് സമീപ പഞ്ചായത്തായ തവനൂർ കടകശ്ശേരിയിൽ ഒറ്റക്ക് താമസിച്ചിരുന്ന ഇയ്യാത്തുമ്മയെ (70) പട്ടാപ്പകൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ധരിച്ചിരുന്ന 20 പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു.
കടകേശ്ശരിയിലെ കൊലപാതകം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
സംഭവ ദിവസം പ്രദേശത്ത് കണ്ടുവെന്ന് പറയുന്ന യുവാക്കളെ പിന്തുടർന്നാണ് അന്വേഷണം പുരോഗമിച്ചിരുന്നത്. ഒരാളുടെ രേഖാചിത്രം പുറത്തു വിട്ടിരുന്നു. എന്നാൽ, ഇവരെ കണ്ടെത്താൻ ഇതുവരെ സാധിച്ചില്ല. വീട്ടിൽനിന്ന് പ്രധാന പാതയിലേക്ക് എത്താൻ നിരവധി ഇടറോഡുകളുണ്ട്. പലയിടത്തും
സി.സി.ടി.വിയില്ലാത്തത് പൊലീസിന് വെല്ലുവിളിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളെ ചോദ്യം ചെയ്തെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. കവർച്ച സംഘമായിരിക്കും കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. മങ്കടയിലും തവനൂരും സമാനത പ്രകടമാണ്. ഇതുമായി ബന്ധപ്പെട്ട് തവനൂരിലെ അന്വേഷണ സംഘം മങ്കടയിലെ കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.