ഒടുവിൽ കേളപ്പജിയുടെ വീട് നവീകരിച്ചു: വീട് ലൈബ്രറിയാക്കും, കലാ സംവിധായകൻ ത്യാഗു തവനൂർ നിർമിച്ച പ്രതിമ ഇവിടെ സ്ഥാപിക്കും
text_fieldsകുറ്റിപ്പുറം: ഒടുവിൽ കേരള ഗാന്ധിയോട് സർക്കാർ നീതിപുലർത്തി. നാശോന്മുഖമായി കിടന്ന കേരള ഗാന്ധി കെ. കേളപ്പൻ താമസിച്ച തവനൂരിലെ വീട് നവീകരിച്ചു. പുതുമോടിയിലായ വീട് ലൈബ്രറിയാക്കി സംരക്ഷിക്കാനാണ് തീരുമാനം.
10 ലക്ഷം രൂപ ചെലവിലാണ് കാർഷിക എൻജിനീയറിങ് വിഭാഗം കേരള ഗാന്ധിയുടെ വീട് നവീകരിച്ചത്. ഓടുമേഞ്ഞ വീടിന്റെ പഴകി ദ്രവിച്ച കഴുക്കോലുകളും മറ്റും മാറ്റി പുതിയത് സ്ഥാപിച്ചു. ഓടുകൾ ചായം പൂശി. അതിർത്തി തിരിച്ച് മതിൽ കെട്ടി മുറ്റത്ത് ഇന്റർലോക്ക് വിരിച്ചു. കാർഷിക എൻജിനീയറിങ് കോളജ് വളപ്പിൽ സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ താമസിച്ചാണ് കേളപ്പൻ പൊതു പ്രവർത്തനം നടത്തിയിരുനത്. കേളപ്പന്റെ സാന്നിധ്യത്തിൽ രാഷ്ട്രീയ -സർവോദയ ചർച്ചകൾക്കും ഈ വീട് സാക്ഷിയായിട്ടുണ്ട്.
കേളപ്പജിയുടെ വീട് ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുന്നതിക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. സിനിമ കലാ സംവിധായകൻ ത്യാഗു തവനൂർ നിർമിച്ച കേളപ്പജിയുടെ പ്രതിമ നവീകരിച്ച വീട്ടിൽ സ്ഥാപിക്കാൻ തീരുമാനമായി. ലോക്ഡൗണിലാണ് ത്യാഗു കേളപ്പജിയുടെ പ്രതിമ നിർമിച്ചത്. ഇനി അവസാന ഘട്ട മിനുക്കുപണികൾ ബാക്കിയുണ്ട്. ഇത് കേളപ്പജിയുടെ വീട്ടിൽ സ്ഥാപിച്ചതിനു ശേഷമാകും പൂർത്തിയാക്കുക. ശേഷം ഉദ്ഘാടനവും നടത്താൻ ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.