പൊലീസ് ചമഞ്ഞ് ഹവാല പണം തട്ടി; അഞ്ചുപേർ പിടിയിൽ
text_fieldsകുറ്റിപ്പുറം: പൊലീസ് ചമഞ്ഞ് ഹവാല പണം തട്ടിയ സംഭവത്തിൽ അഞ്ചുപേരെ പിടികൂടി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ താജുദ്ദീൻ (42), സുഫിൽക്ക് ഖാൻ, നവാസുദ്ദീൻ (43), തിരുവനന്തപുരം അടിമല്ലാത്തൂർ സ്വദേശി മൂത്തപ്പൻ ലോറൻസ് (26), മലപ്പുറം പാലച്ചുവട് ബഷീർ (48) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ അഞ്ചിന് കുറ്റിപ്പുറം-ചുണ്ടൽ സംസ്ഥാനപാതയിലെ തൃക്കണാപുരം തങ്ങൾപടിയിലാണ് കുഴൽപ്പണം തട്ടിയത്. ഹവാല ഏജന്റായ ബി.പി അങ്ങാടി സ്വദേശി റോഡരികിൽ സ്കൂട്ടർ നിർത്തിയ ശേഷം ഇടപാടുകാരന് പണം കൈമാറുന്നതിനിടെ പിറകിലെത്തിയ അഞ്ച് പ്രതികൾ പൊലീസാണെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു.
തുടർന്ന് ഹവാല ഏജന്റിന്റെ കൈവശമുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ തട്ടിയ ശേഷം ആറ് കിലോമീറ്ററോളം അകലെ ഇയാളെ ഉപേക്ഷിക്കുകയും ഇയാളുടെ സ്കൂട്ടർ തവനൂർ റോഡ് ജങ്ഷന് സമീപം ഉപേക്ഷിക്കുകയും ചെയ്തു. പ്രതികൾ നിരവധി പിടിച്ചുപറിക്കേസുകളിലും ബോംബേറ് കേസുകളിലും ഉൾപ്പെട്ടവരാണ്. നിരവധി ക്വട്ടേഷൻ സംഘവുമായി ഇവർക്ക് ബന്ധമുള്ളതായി പൊലീസ് അറിയിച്ചു. മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഇവർക്ക് ഹവാല തട്ടിയതുമായി ബന്ധപ്പെട്ട് കേസുണ്ട്. പെരിന്തൽമണ്ണക്കടുത്ത് താമസിക്കുന്ന ബഷീർ നിരവധി മാലപൊട്ടിക്കൽ കേസിലും പ്രതിയാണ്.
എസ്.ഐമാരായ നിഷിൽ, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പിഒമാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒ സുമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.