ഭാരതപ്പുഴയിൽ രക്ഷാപ്രവർത്തനത്തിന് മൂന്ന് ബോട്ട് എത്തി
text_fieldsകുറ്റിപ്പുറം: ഭാരതപ്പുഴയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് മൂന്ന് ബോട്ട് മിനി പമ്പയിൽ എത്തി. മിനി പമ്പയിൽ രക്ഷാദൗത്യത്തിന് ഉപയോഗിച്ചിരുന്ന കെ.ടി.ഡി.സിയുടെ ബോട്ട് ഉപയോഗശൂന്യമായ വിവരം കഴിഞ്ഞ ദിവസം കുറ്റിപ്പുറം പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ അറിയിച്ചതിനെത്തുടർന്നാണ് ബോട്ട് എത്തിയത്.
പൊലീസ്, റവന്യൂ, അഗ്നിരക്ഷാസേന, പഞ്ചായത്ത് അധികൃതർ, സേവ് നിള ഫോറം, രക്ഷാപ്രവർത്തകർ എന്നിവരുൾപ്പെട്ട യോഗമാണ് കഴിഞ്ഞയാഴ്ച നടന്നത്. ഇതിലെടുത്ത തീരുമാനത്തിന്റെ ഭാഗമായി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന, അടിയന്തര രക്ഷാദൗത്യത്തിന് ഉപയോഗിക്കാവുന്ന മൂന്ന് ചെറിയ ബോട്ടാണ് മിനിപമ്പയിൽ എത്തിച്ചത്. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ സ്ഥാപിക്കാനുള്ള ബോർഡുകളും തയാറായിട്ടുണ്ട്. പുഴയിൽ ഉയർന്ന് നിൽക്കുന്ന രീതിയിൽ ബലൂൺപോലുള്ള മൂന്നറിയിപ്പ് ബോർഡുകളും വെക്കാനുള്ള പദ്ധതിയുമുണ്ട്.
പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും രക്ഷാപ്രവർത്തനത്തിൽ താൽപര്യമുള്ളവരുമായ ആളുകൾക്ക് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പരിശീലനം നൽകും. ഇതിന്റെ ഭാഗമായി കുട്ടികൾക്കുള്ള നീന്തൽ പരിശീലനം വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയതായി കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആളുകൾ നീന്താനായി സ്വകാര്യഭൂമിയിൽനിന്ന് പുഴയിലെ അപകടമുള്ള ഭാഗങ്ങളിലേക്കിറങ്ങുന്ന സ്ഥലങ്ങൾ അടക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.