പണക്കടത്ത് കേസ്: പ്രധാന പ്രതി ഷിജോക്ക് രഹസ്യ അറകളുള്ള പത്ത് ലോറികൾ
text_fieldsകുറ്റിപ്പുറം: തവനൂർ കൂരടയിൽനിന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയ രേഖകളില്ലാത്ത പണവും ലോറിയും ഡ്രൈവറെയും കുറ്റിപ്പുറം പൊലീസിന് കൈമാറി. കുറ്റിപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ലോറി ഡ്രൈവറായ വൈശാഖിനെ അറസ് റ്റ് ചെയ്തു.
നാഗ്പൂരിൽനിന്ന് പണം കൊണ്ടുവന്നത് അടക്ക വ്യാപാരിയായ ഷിജോ എന്നയാൾക്ക് വേണ്ടിയായിരുന്നു. സംഭവമറിഞ്ഞതിനെ തുടർന്ന് ഇയാൾ മുങ്ങിയതായി കുറ്റിപ്പുറം സി.ഐ ശശിധരൻ മേലേയിൽ അറിയിച്ചു. പ്രതിയായ ഷിജോയുടെ ചാലിശ്ശേരിയിലെ വീട്ടിലും കോക്കൂരിലെ അടക്ക ഗോഡൗണിലും പൊലീസ് പരിശോധന നടത്തി. ഇവിടെനിന്ന് രഹസ്യ അറകളുള്ള ലോറി പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ പത്തിലധികം ലോറികൾ പ്രതിക്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തവനൂരിൽ പണം പിടിച്ചതറിഞ്ഞ് ഈ ലോറികൾ മാറ്റിയതായി പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് ഷിജോയുടെ ചങ്ങരംകുളം അടക്ക മാർക്കറ്റിനോട് ചേർന്നുള്ള എസ്.എസ്.ആർ ട്രേഡേസ് എന്ന സ്ഥാപനം പൂട്ടി മാനേജർ മുങ്ങി. ഷിജോക്ക് എതിരെ നികുതി വെട്ടിപ്പിന് 2008ൽ കേസെടുത്തിട്ടുണ്ട്.
ഈ കേസ് വിജിലൻസാണ് അന്വേഷിക്കുന്നത്. വ്യാജ മേൽവിലാസം നൽകി ജി.എസ്.ടി വെട്ടിപ്പ് നടത്തുന്ന സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നു. വിശദ അന്വേഷണം നടത്താനായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായ നികുതി വിഭാഗം എന്നിവർക്ക് െപാലീസ് പ്രാഥമിക വിവരം കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.