ജൽജീവൻ പദ്ധതി; ജലശുദ്ധീകരണ ശാലക്ക് കുറ്റിപ്പുറത്ത് സ്ഥലമായി
text_fieldsകുറ്റിപ്പുറം: ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കുറ്റിപ്പുറം, തിരുനാവായ, ആതവനാട്, മാറാക്കര പഞ്ചായത്തുകൾക്ക് വേണ്ടിയുള്ള ജലശുദ്ധീകരണ ശാലക്ക് കുറ്റിപ്പുറത്ത് കണ്ടെത്തിയ പുതിയ സ്ഥലം വാട്ടർ അതോറിറ്റിക്ക് നൽകി അനുമതിയായി.
തിരൂർ താലൂക്കിലെ കുറ്റിപ്പുറം വില്ലേജിൽ സർവേ നമ്പർ 1/1 ൽ ഉൾപ്പെട്ട കുറ്റിപ്പുറം നിളയോരം പാർക്കിന് സമീപമുള്ള 200 സെന്റ് ഭൂമി നേരത്തെ ഈ ആവശ്യത്തിനായി അനുവദിച്ച് കിട്ടിയിരുന്നു.
എന്നാൽ പ്രസ്തുത ഭൂമിയിലേക്ക് അപ്രോച്ച് റോഡിനുള്ള സ്ഥലം ലഭ്യമായിരുന്നില്ല. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വിളിച്ച യോഗങ്ങളിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു.
തുടർന്ന് ഇതേ സ്ഥലത്തോട് ചേർന്നുള്ള തിരൂർ റോഡിന് സമീപത്തെ 200 സെന്റ് പുറമ്പോക്ക് ഭൂമി ഇതേ ആവശ്യത്തിന് മാറ്റി നൽകാനുള്ള ഇടപെടൽ എം.എൽ.എ നടത്തുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി മലപ്പുറം പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ജില്ല കലക്ടർക്ക് അപേക്ഷ നൽകുകയും ചെയ്തു. തുടർന്ന് സർക്കാർ ഉത്തരവിന്റെയും 2022 ജൂൺ 21ൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന തീരുമാനത്തിന്റെയും തിരൂർ തഹസിൽദാർ, വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നേരത്തെ അനുവദിച്ച കുറ്റിപ്പുറം നിളയോരം പാർക്കിന് സമീപത്തെ ഭൂമിക്ക് പകരം തൊട്ടടുത്തായി വേറെ ഭൂമി അനുവദിച്ച് ജില്ല കലക്ടർ ഉത്തരവ് നൽകിയത്. തിരൂർ റോഡിന് സമീപത്തെ 200 സെന്റ് സ്ഥലം സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി വാട്ടർ അതോറിറ്റി നടപ്പാക്കുന്ന കുറ്റിപ്പുറം, തിരുനാവായ, ആതവനാട്, മാറാക്കര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിക്ക് നിബന്ധനക്ക് വിധേയമായാണ് കേരള വാട്ടർ അതോറിറ്റിക്ക് നൽകി ഉത്തരവായത്.
ലഭ്യമായ ഭൂമിയുടെ അതിർത്തി തിരിച്ച് നൽകുന്ന സർവേ നടപടികൾക്കായി വാട്ടർ അതോറിറ്റി തഹസിൽദാർക്ക് കത്ത് നൽകി.
സർവേ പൂർത്തീകരിക്കുന്നതോടെ വാട്ടർ അതോറിറ്റിയുടെ പ്രവർത്തനം ആരംഭിക്കാനാകും. ഒരു ദിവസം 48 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള ശുദ്ധീകരണശാല (വാട്ടർ ട്രീറ്റ്മെന്റ്) പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ടെൻഡർ കഴിഞ്ഞ് കരാറുകാരൻ എഗ്രിമെന്റ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.